മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ ഭരത് ഡോക്ടർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാൻ യുഎഇ ഫാൻസ് അസോസിയേഷൻ. എല്ലാ വർഷത്തെയും പോലെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് ഈ ജന്മദിനവും ഫാൻസുകാർ ആഘോഷിക്കുന്നത്.
ഓഗസ്റ്റ് 28 ന് അലൈനിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പയിനിൽ തുടങ്ങി മമ്മൂക്കയുടെ ജന്മദിനമായ സെപ്റ്റംബർ 7-ന് “വിശക്കുന്ന വയറിനെ ഊട്ടുക” എന്ന ലക്ഷ്യത്തോടെ മമ്മൂട്ടി ഫാൻസ് ഇന്റർനാഷണൽ യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മമ്മൂട്ടി ഫാൻസ് സ്റ്റേറ്റ് കമ്മറ്റിയുമായി കൈകോർത്തു കൊണ്ട് കോഴിക്കോട് ചേവായൂർ കുഷ്ഠരോഗ ആശുപത്രിയിലേക്ക് ഒരു മാസത്തേക്കുള്ള ആവശ്യ സാമഗ്രികൾ വാങ്ങിക്കൊടുക്കുന്നു.
കൂടാതെ കോഴിക്കോട് വെസ്റ്റ്ഹിൽ ഹോമിലേക്ക് ഓണ സദ്യയും മൂവാറ്റുപുഴയിലുള്ള സ്നേഹവീട്ടിലെ അമ്മമാർക്ക് ഒരു മാസത്തേക്കുള്ള എല്ലാ ആവശ്യ സാധനങ്ങളും ഓണ സദ്യയും നൽകുന്നു. കേരളത്തിലുടനീളം വിവിധ സ്ഥലങ്ങളിലായി മമ്മൂട്ടി ഫാൻസ് സ്റ്റേറ്റ് കമ്മറ്റിയുമായി സഹകരിച്ചു I AM NOT ALONE എന്ന സംഘടന വഴി ഹോസ്പിറ്റലുകളും വഴിയോരങ്ങളും കേന്ദ്രീകരിച്ച് നിർദ്ധനരായിട്ടുള്ളവർക്ക് ഉച്ചഭക്ഷണ വിതരണവും സംഘടിപ്പിക്കും.
സെപ്റ്റംബർ 10 ന് അബുദാബിയിൽ സംഘടിപ്പിച്ചിരിക്കുന്ന രക്തദാന ക്യാമ്പയിൻ, സെപ്റ്റംബർ 27 ന് ദുബായ് സംഘടിപ്പിച്ചിരിക്കുന്ന രക്തദാന ക്യാമ്പയിൻ എന്നിങ്ങനെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടാണ് ഈ പ്രാവശ്യവും ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നു മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ പ്രസിഡന്റ് മൻസൂർ സാദിക്ക്, സെക്രട്ടറി ഫിറോസ് ഷാ എന്നിവർ അറിയിച്ചു.