റിയാദ്: കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് സൗദ്ദിയിൽ വാഹനാപകടത്തിൽ മരിച്ചു. ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി മുഹമ്മദ് റാഷിദ് ആണ് റിയാദിന് സമീപം കാർ മറിഞ്ഞ് മരിച്ചത്. 27 വയസ്സായിരുന്നു. കാറിലുണ്ടായിരുന്ന കുമരംചിറ സ്വദേശി നാസിം പെരുവയലിനെ പരിക്കുകളോടെ ഹുത്ത ബനീം തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി സൌദ്ദി സമയം ഒൻപത് മണിയോടെയായിരുന്നു അപകടം. ഹരീഖിൽ നിന്നും റിയാദിലെ അൽഹൈയിറിലേക്ക് കാറിൽ വരികയായിരുന്നു റാഷിദും നാസിമും. ഹരീഖിൽ നിന്നും 55 കിലോമീറ്റർ പിന്നിട്ട ശേഷം വിജനമായ പ്രദേശത്ത് വച്ച് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു.
ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന വലിയ വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെ മകനാണ് റാഷിദ്. മാതാവ് ലൈല ബീവി. ഐ.സി.എഫ് ഹോത്ത-ഹരീക്ക്, അസീസിയ്യ സെക്ടർ എന്നിവയുടെ പ്രവർത്തകനായ വലിയവീട്ടിൽ ജിഷാർ സഹോദരനാണ്.