ദുബായ്: ഈ ആഴ്ചയിൽ യുഎഇയിൽ താപനില കുറയാൻ സാധ്യത. ഇനിയുള്ള ദിവസങ്ങളിൽ പൊതുവേ ആകാശം മേഘാവൃതമായിരിക്കും എന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. ആഴ്ച അവസാനത്തോടെ താപനിലയിൽ കുറവുണ്ടാകുമെന്നും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ചില തീരദേശ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയോടൊപ്പം രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥയും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. അൽ ഐനിലെ രക്ന പ്രദേശത്ത് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.5 ഡിഗ്രി സെൽഷ്യസാണ്.
മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന നേരിയതോ മിതമായതോ ആയ കാറ്റ് ഇന്ന് പ്രതീക്ഷിക്കാം. ഫെബ്രുവരി 6 വ്യാഴാഴ്ച മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന പൊടിക്കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. പൊടിക്കാറ്റിന് പുറമേ, ഫെബ്രുവരി 7 വെള്ളിയാഴ്ച, പ്രത്യേകിച്ച് രാത്രിയിലും ഫെബ്രുവരി 8 ശനിയാഴ്ച രാവിലെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ പറയുന്നു. ഫെബ്രുവരി 8 ശനിയാഴ്ച ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.