മലപ്പുറം കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ പുതിയ നഗരസഭ അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയ്ക്ക് പരാജയം. ലീഗ് സ്ഥാനാര്‍ത്ഥി ഡോ. ഹനീഷയെ, എല്‍.ഡി.എഫ് പിന്തുണച്ച ലീഗ് വിമത സ്ഥാനാര്‍ത്ഥി മുഹ്സിന പൂവന്മഠത്തിലാണ് പരാജയപ്പെടുത്തിയത്. പുതിയ നഗരസഭ അധ്യക്ഷയായി മുഹ്സിന ചുമതലയേല്‍ക്കും.
13 വോട്ടുകള്‍ക്കെതിരെ 15 വോട്ടുകള്‍ നേടിയാണ് മുഹ്സിനയുടെ വിജയം. വോട്ടെടുപ്പില്‍ ആറ് ലീഗ് വിമതര്‍ മുഹ്സിനയെ പിന്തുണച്ചിരുന്നു. കോട്ടയ്ക്കല്‍ മുനിസിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റിയിലുള്ള വിഭാഗീയതയുടെ ഭാഗമായി നഗരസഭാധ്യക്ഷയായിരുന്ന ബുഷ്റ ഷബീര്‍ നേരത്തെ രാജി വെച്ചിരുന്നു.
ബുഷ്റ ഷബീര്‍ വിഭാഗത്തെയും മറുഭാഗത്തെയും ഒരുമിച്ചിരുത്തി പാണക്കാട്ട് പലതവണ ചര്‍ച്ചകള്‍ നടന്നിരുന്നു. വിഷയം ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ റഷീദ് അലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. ഇത് അനുസരിച്ച് നടന്ന ചര്‍ച്ചയിലാണ് ബുഷ്റ ഷബീറും ഉമ്മറും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്.