സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മലാല യുസുഫ് സായി ജന്മനാടായ പാകിസ്ഥാനിലെത്തി. താലിബാൻ വധശ്രമത്തിന് 10 വർഷം പിന്നിടുന്ന വേളയിലാണ് മലാലയുടെ സന്ദർശനം. വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിക്കാനാണ് മലാല പാകിസ്ഥാനിലെത്തിയത്. കറാച്ചിയിലെ ചില പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
ദുരിതബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായം തേടാനുമാണ് മലാല പാകിസ്ഥാൻ സന്ദർശിച്ചതെന്ന് മലാല ഫണ്ട് എന്ന സംഘടന അറിയിച്ചു. അതേസമയം 2800 കോടി ഡോളറിന്റെ നഷ്ടമാണ് വെള്ളപ്പൊക്കത്തിൽ പാകിസ്ഥാന് ഉണ്ടായിട്ടുള്ള നഷ്ട്ടത്തിന്റെ കണക്ക്. രാജ്യത്തെ മൂന്നിലൊന്ന് പ്രദേശങ്ങൾ വെള്ളത്തിലാവുകയും 80 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾ കഠിനമായ ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിനിടയിലാണ് താലിബാൻ മലാലയ്ക്ക് നേരെ വെടിയുതിർത്തത്. 15 വയസ്സിൽ തലയ്ക്ക് വെടിയേറ്റ മലാലയെ വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. തുടർന്ന് അവിടെ പഠനം പൂർത്തിയാക്കിയ മലാലയ്ക്ക് ആഗോള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവച്ചതിന്റെ പേരിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.