കരിപ്പൂർ: വിമാനം വൈകിയതിനെ ചോദ്യം ചെയ്ത രണ്ട് വനിതാ യാത്രക്കാരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വനിതകളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് തുടർ നടപടികൾക്കായി ഇവരെ കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
ചൊവ്വാഴ്ച രാവിലെ 8.10-നുള്ള കോഴിക്കോട് – ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റെടുത്ത രണ്ട് വനിതകളാണ് പ്രതിഷേധത്തെ തുടർന്ന് കേസിൽ അകപ്പെട്ടത്. കോഴിക്കോട്, കണ്ണൂർ സ്വദേശിനികളാണ് ഇവർ. വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ യാത്ര വൈകുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
യാത്രക്കാർ വിമാനത്തിനായി കാത്തിരിക്കുന്നതിനിടെ കോഴിക്കോട് നിന്ന് ബംഗളുരുവിലേക്കുള്ള ഇന്റിഗോയുടെ തന്നെ 10.40നുള്ള അടുത്ത വിമാനം പുറപ്പെടാൻ തയ്യാറായി. ഇതോടെ തങ്ങൾ അത്യാവശ്യമായി ബെംഗളൂരുവിൽ എത്തണമെന്നും അതിനാൽ ഉടനെ പുറപ്പെടുന്ന വിമാനത്തിൽ സീറ്റ് തരണമെന്നും ഈ രണ്ട് വനിതാ യാത്രക്കാർ ആവശ്യപ്പെട്ടു.
എന്നാൽ ഈ വിമാനത്തിൽ സീറ്റൊന്നും ഒഴിവില്ലെന്നാണ് ഇൻഡിഗോ അധികൃതർ ഇവരെ അറിയിച്ചത്. ഇതോടെ വനിതാ യാത്രക്കാരും ഇൻഡിഗോ ജീവനക്കാരും തമ്മിൽ വാക്കേറ്റമായി. അനുനയിപ്പിക്കാനെത്തിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിനോടും ഇവർ മോശമായി പെരുമാറിയെന്നാണ് അധികൃതരുടെ പരാതി. ഇതോടെ ഇവരെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് തുടർന്ന് കരിപ്പൂർ പൊലീസിന് കൈമാറി. യാത്ര മുടങ്ങിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്ക് ഉച്ചയ്ക്ക് ശേഷമാണ് യാത്രയ്ക്ക് അവസരമൊരുക്കിയത്.