വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങവെ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ താന്‍ പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്ന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന്. താന്‍ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖം അപകടത്തില്‍ മുന്നിലെ സീറ്റില്‍ ചെന്നിടിച്ചുവെന്നും മഹേഷ് ഗണേഷ് കുമാറിനോട് പറഞ്ഞു.
അപകടത്തില്‍ മരിച്ച കൊല്ലം സുധി മുന്നില്‍ ആയിരുന്നു ഇരുന്നിരുന്നത് എന്നും എന്നാല്‍ സീറ്റ് ബെല്‍റ്റ് ശരീരത്തിന് പുറത്തുകൂടി ഇട്ട് ക്ലിപ്പ് ചെയ്ത് വെച്ചിരിക്കുകയായിരുന്നുവെന്നും മഹേഷ് പറഞ്ഞു. മഹേഷിനെ കാണാന്‍ ഗണേഷ് കുമാര്‍ എം.എല്‍.എ വന്നിരുന്നു. അപകടത്തെക്കുറിച്ച് ചോദിച്ച ഗണേഷ് കുമാറിനോട് വിശദീകരിക്കുകയായിരുന്നു മഹേഷ്.
‘കാറിന്റെ പിറകില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ ഉറക്കത്തിലായിരുന്നു. അപകടം നടക്കുമ്പോള്‍ എന്റെ മുഖം മുന്നില്‍ ഇടിച്ചു. കൊല്ലം സുധി ആയിരുന്നു മുന്നില്‍ ഇരുന്നത്. ഉല്ലാസ് അരൂര്‍ വണ്ടി ഓടിക്കുകയായിരുന്നു. സുധി സീറ്റ് ബെല്‍റ്റ് പുറകിലൂടെ ആയിരുന്നു ഇട്ടത്. നല്ലപോലെ ആയിരുന്നില്ല. എയര്‍ബാഗ് വന്നിരുന്നു. പക്ഷെ അതുകൊണ്ടും കാര്യമുണ്ടായില്ല,’ മഹേഷ് പറഞ്ഞു.
ചതഞ്ഞ് മുഖം വല്ലാതെ നീര് വെച്ചിരുന്നു. ഇപ്പോഴും നീരുണ്ട്. പലപ്പോഴും ആ ഭാഗത്ത് തൊടുന്നത് അങ്ങനെ അറിയാറില്ല. ഇടിച്ച് തലയോട്ടിവരെ കാണാമായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ചുണ്ടിന് മാത്രം സ്റ്റിച്ച് ഇട്ടത് എടുത്തിട്ടില്ല. ബാക്കി എല്ലാം എടുത്തു. തിരിച്ച് വരാനാകും എന്ന ധൈര്യമുണ്ടെന്നും മഹേഷ് പറഞ്ഞു.
അതേസമയം മേഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ച ഗണേഷ് കുമാര്‍ ചികിത്സാ സഹായം നല്‍കുമെന്നും ഉറപ്പു നല്കി.
ഒരു സഹോദരനോട് ചോദിക്കുന്ന പോലെ ചോദിക്കാമെന്നും എന്ത് സഹായവും ചെയ്യാമെന്നും, ഇത് വെറുതെ പറയുന്നതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടമുള്ള മിമിക്രി ആര്ടിസ്റ്റാണ് മഹേഷ് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എത്ര ചെലവുള്ള ചികിത്സയായാലും ചെയ്യാം. സാമ്പത്തികത്തിനെപ്പറ്റി ഭയപ്പെടേണ്ട കാര്യമില്ല. മുഖ്യമന്ത്രിയോട് ഞാന്‍ കാര്യങ്ങള്‍ അറിയിക്കാം എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കൊല്ലം സുധി, ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് കുഞ്ഞുമോന് എന്നിവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൊല്ലം സുധി മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.