കൊച്ചി: ഇന്നലെ വയനാട് മേപ്പാടിയിലെ റിസോർട്ടിൽ നിന്നും അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.രാവിലെ 11 മണിയോടെയാവും ഹാജരാക്കുക.ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്.
ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് വീണ്ടും പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബോബി ചെമ്മണ്ണൂരിന്റെ നിയമസംഘവും പോലീസ് സ്റ്റേഷൻ പരിസരത്ത് തുടരുന്നുണ്ട്.ബോബി ചെമ്മണ്ണൂർ ഇന്ന് തന്നെ കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. അദ്ദേഹത്തിനായി അഡ്വ. ബി. രാമൻപിള്ളയാണ് ഹാജരാകുക.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനായും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനായും ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിഭാഗത്തിനായും ഹജരായതിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്നയാളാണ് അഡ്വ. രാമൻ പിള്ള.