കൊല്ലം അയിരൂരില്‍ മുടി കളര്‍ ചെയ്തതിന് ആദ്യദിനം ക്ലാസിലെത്തിയ ആറാം ക്ലാസുകാരനെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. സ്കൂളിന്റെ നിയമങ്ങള്‍ അനുസരിക്കാത്തതിനാല്‍ ഒരാഴ്ച സ്കൂളില്‍ വരേണ്ടെന്ന് നിര്‍ദേശം നല്‍കിയെന്നാണ് സ്കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം.
‘സ്കൂളില്‍ വന്നപ്പോള്‍ ടീച്ചര്‍ പറഞ്ഞു പ്രിന്സിപാളിനെ കാണാന്‍. ചെന്ന് കണ്ടപ്പോള്‍ പറഞ്ഞു, കുട്ടിയുടെ മുടി കണ്ടോ, ഇങ്ങനെ പറ്റില്ല എന്ന് പറഞ്ഞതല്ലേ… നിങ്ങള്‍ കുട്ടിയെ കൊണ്ട് തിരിച്ച് പോണം. ഇവന്റെ അമ്മ വന്നപ്പോള്‍ പറഞ്ഞ കാര്യമാണ് ഇത് ചെയ്യരുതെന്ന്. അഹങ്കാരം കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നും പ്രിന്‍സിപള്‍ പറഞ്ഞു. കുട്ടിയെ നിര്‍ബന്ധിച്ച് ഇരുത്തിയിട്ട് പോയാല്‍ പ്രിന്സിപാളുടെ മുറിയിലേ ഇരുത്തുകയുള്ളു. ഒരാഴ്ച വരെ ഇതിനകത്ത് കയറാന്‍ പാടില്ലെന്നും പറഞ്ഞു,’ കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.
പ്രവേശനോത്സവ ദിവസം കുട്ടിയെ പങ്കെടുപ്പിക്കാതെ പുറത്താക്കിയത് അറിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലെത്തി പ്രതിഷേധിച്ചു. ഇത് വാക്കേറ്റത്തിലേക്കും കൈയ്യാങ്കളിയിലേക്കും നീങ്ങി.
പരാതി ഉയര്‍ന്നതോടെ ശിശുക്ഷേമ സമിതിയും പൊലീസും സ്കൂളിലെത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയുടെ ടിസി വാങ്ങി മടങ്ങി. സ്കൂളിന്റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ക്ലാസില്‍ കയറ്റാത്തതെന്ന് പ്രിന്‍സിപല്‍ ജോര്‍ജുകുട്ടി പറഞ്ഞു. അതേസമയം, സ്കൂളിന്റെ നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കി.