നന്ദേഡ്: ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴുപേരെ മഹാരാഷ്ട്ര പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ബോന്ദർ ഹവേലി ഗ്രാമത്തിൽ രണ്ട് ദിവസം മുമ്പാണ് സംഭവം.
അക്ഷയ് ഭലേറാവു എന്ന 24-കാരനാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗ്രാമത്തിലെ ഉന്നതജാതിയിലുള്ള ഒരാളുടെ വിവാഹചടങ്ങിനായി നിരവധി പേർ ഒത്തുകൂടിയിരുന്നു. ഈ സമയം വിവാഹവീടിന് മുൻപിലൂടെ ഭലേറാവുവും സഹോദരനും നടന്നു.
ഗ്രാമത്തിൽ ഭീം ജയന്തി (ഏപ്രിൽ 14- അംബേദ്കറുടെ ജന്മദിനം) ആഘോഷിക്കാൻ മുന്നിൽ നിന്നതിനെ ചൊല്ലി ഭലേറാവുവിനെ പ്രതികൾ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. വാളുകൾ അടക്കമുള്ള ആയുധങ്ങളുമായാണ് സംഘം അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഭലേറാവുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഇയാളുടെ സഹോദരൻ ആകാശിനും ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.
കൊലപാതകം, കലാപശ്രമം എന്നീ കുറ്റങ്ങൾക്കും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്ത് പൊലീസ് അക്രമി സംഘത്തിൽ ഉൾപ്പെട്ട ഏഴ് പ്രതികളേയും അറസ്റ്റ് ചെയ്തു. ഇവരിപ്പോൾ റിമാൻഡിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.