ദുബായ് ദേരയില്‍ ശനിയാഴ്ച കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശികള്‍ക്ക് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഇരുവരുടെയും ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം സഹായമായി നല്‍കും. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശികളായ ഇമാം കാസിം(43), മുഹമ്മദ് റഫീഖ്(49) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഇരുവരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രതികരിച്ചു.അപകടത്തില്‍ നാല് ഇന്ത്യക്കാരുള്‍പ്പെടെ 16 പേരാണ് മരിച്ചത്. മലയാളികളായ മലപ്പുറം സ്വദേശി റിജേഷും ഭാര്യ ജിഷിയുമാണ് മരിച്ച മറ്റ് രണ്ട് ഇന്ത്യക്കാര്‍.