ദുബായ്: അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ നേരിയ മഴ പെയ്തു. അബുദാബി, അൽ ഐൻ, ഫുജൈറ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ രാത്രി 10 മണി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.

അബുദാബിയിലെ അബു അൽ അബ്യാദ് ദ്വീപ്, അൽ ഖുർം സ്ട്രീറ്റ്, അൽ ഷവാമേഖ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയോടെ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മഴ കാരണം റോഡിൽ തെന്നലുണ്ടാവാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. മഴയുടെ സാഹചര്യത്തിൽ പരിഷ്ക്കരിച്ച വേഗപരിധികൾ പാലിക്കാനും താഴ്വരകൾ ഒഴിവാക്കാനും പ്രഥമശുശ്രൂഷ കിറ്റുകൾ കരുതാനും എമർജൻസി ലൈറ്റ് അടക്കമുള്ളവ തയ്യാറാക്കാനും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
രാത്രിയിലും ഞായറാഴ്ച രാവിലെയും പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും എന്നാണ് മുന്നറിയിപ്പ്. ചില തീരപ്രദേശങ്ങളിലും മറ്റും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
ഒക്ടോബർ 23 ബുധനാഴ്ച വരെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നിരുന്നാലും, അൽഐൻ, ഫുജൈറ, പരിസര പ്രദേശങ്ങളിലാണ് മഴ കൂടുതലായി പ്രതീക്ഷിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രവചനം. രാജ്യത്തിൻ്റെ മധ്യഭാഗങ്ങളിൽ പരമാവധി താപനില 34 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 33 മുതൽ 37 ° C വരെയും പർവതങ്ങളിൽ 23 മുതൽ 27 ° C വരെയും ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ്, പകൽ സമയത്ത് 10 മുതൽ 25 വരെ വേഗതയിൽ മണിക്കൂറിൽ 40 കി.മീ വരെ വീശാം.
