ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലുക്ക് ഔട്ട് നോട്ടീസ്. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ബൈജൂസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. രവീന്ദ്രന്റെ വിദേശയാത്രയെക്കുറിച്ച് എമിഗ്രേഷന്‍ അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന തരത്തില്‍ ഇന്റിമേഷന്‍ സര്‍ക്കുലര്‍ ഇ.ഡി നേരത്തെ അറിയിച്ചിരുന്നു.
ഒരുവര്‍ഷം മുമ്പ് ഇ.ഡി കൊച്ചി ഓഫീസ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇത് പിന്നീട് ബംഗളൂരു ഓഫീസിന് കൈമാറുകയും ചെയ്യുന്നു. ഇത് പ്രകാരം വ്യക്തിയുടെ വിദേശ യാത്രകള്‍ അറിയാന്‍ സാധിക്കുമായിരുന്നെങ്കിലും തടയാന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കുലറില്‍ ഭേദഗതി വരുത്താന്‍ ഇ.ഡി ഒരുങ്ങുന്നത്.
20 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ടായിരുന്ന ബൈജൂസിന്റെ മൂല്യനിര്‍ണയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 90 ശതമാനം ഇടിഞ്ഞതായാണ് കണക്കാക്കുന്നത്. ഷെയര്‍ ഹോള്‍ഡര്‍മാര്‍ ഉള്ള യോഗത്തില്‍ ബോര്‍ഡില്‍ നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കി പുതിയ ബോര്‍ഡിനെ നിയമിക്കുന്നതിന് ഫെബ്രുവരി 23ന് ക്രമീകരിച്ച അസാധാരണ പൊതുയോഗത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ വീണ്ടും പ്രത്യേക യോഗം ചേരാനിരിക്കെയാണ് ബൈജുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.