2022ലെ അവസാന സൂപ്പർമൂൺ വിസ്മയം വ്യാഴാഴ്ച യുഎഇ ആകാശത്ത് തെളിയും. തുടർച്ചയായി കാണപ്പെട്ട സൂപ്പർമൂണിൽ നാലാമത്തേതാണ് ഓഗസ്റ്റ് 11ന് തെളിയാൻ പോകുന്ന സ്റ്റർജൻ മൂൺ. സ്റ്റർജൻ മൂൺ എന്ന പദം തദ്ദേശീയരായ അമേരിക്കൻ അൽഗോൺക്വിൻ ഗോത്രങ്ങളിൽ നിന്ന് കടമെടുത്തതാണ്. സാധാരണ ദിവസങ്ങളിൽ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തെളിച്ചവും കൂടുതലായിരിക്കും സൂപ്പർമൂണിന്.
ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ചന്ദ്രൻ പൂർണ്ണമായും പ്രകാശിക്കും. ഓഗസ്റ്റ് 12 നും 13 നും ഉൽക്കമഴയും ദൃശൃമാകും. ഉൽക്ക വേട്ടക്കാരുടെ കലണ്ടറുകളുടെ ഹൈലൈറ്റുകളിൽ ഒന്നാണ് പെർസീഡ് ഉൽക്കാവർഷം. എല്ലാ വർഷവും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 109P/Swift-Tuttle എന്ന വാൽനക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങളിൽ ഭൂമി പതിക്കുന്നതാണ് ഇതിന് കാരണമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് വ്യക്തമാക്കി.