വിപ്ലവകരമായ പരിഷ്കാരങ്ങൾകൊണ്ട് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായ വ്യക്തി എന്ന നിലയിൽ മാത്രം ഓർക്കപ്പെടേണ്ട വ്യക്തിയല്ല ഗോർബച്ചേവ്. രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ജനകീയമുഖം നൽകിയ നേതാവെന്ന നിലയിലും, ശീതയുദ്ധ കാലത്ത് ലോകസമാധാനത്തിന് വേണ്ടി സ്വീകരിച്ച നിലപാടുകളിലൂടെ നോബൽ സമ്മാനം ലഭിച്ച വ്യക്തിയെന്ന നിലയിലും ഓർക്കപ്പെടേണ്ട വ്യക്തിയാണ് മിഖായേൽ ഗോർബച്ചേവ്.
1990-91 കാലയളവിൽ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്നപ്പോൾ സോവിയറ്റ് യൂണിയനെ ജനാധിപത്യവൽകരിക്കാൻ ശ്രമിച്ചതിലൂടെ പാർട്ടിക്കുള്ളിൽ തന്നെ ഏറെ വിമർശനങ്ങൾ ഗോർബചേവിന് ഏറ്റുവാങ്ങേണ്ടി വന്നു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും സാമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിനും വേണ്ടി രാഷ്ട്രീയ സുതാര്യത വാഗ്ദാനം ചെയ്യുന്ന ഗ്ലാസ്നോസ്തും സാമ്പത്തിക ഉദാരവൽക്കരണനയമായ പെരിസ്ത്രോയിക്കയും ഗോർബച്ചേവ് നടപ്പിലാക്കി. എന്നാൽ ഫലം വിനാശകരമായിരുന്നു.
വ്യാപാരം സുതാര്യവും വലുതുമായി. വിപണി സജീവവുമായി എന്നാൽ നിയന്ത്രണങ്ങൾ നീങ്ങിയ സോവിയറ്റ് യൂണിയനിലെ സമ്പദ് വ്യവസ്ഥ ചുരുക്കം ചിലരെ കോടീശ്വരൻമാരും ലക്ഷക്കണക്കിന് ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്കും തള്ളിയിട്ടു. ഇതോടെ പാർട്ടിയിലെ ഒരു വിഭാഗം ഗോർബച്ചേവിന് എതിരായി. 1989ൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നവംബറിൽ ബർലിൻ മതിൽ തകർന്നു. യുക്രെയ്നും റഷ്യന്‍ ഫെഡറേഷനും അടക്കം പതിനൊന്ന് റിപ്പബ്ലിക്കുകള്‍ സോവിയറ്റ് യൂണിയന്റെ ഭാഗമല്ലെന്നു പ്രഖ്യാപിച്ചു. 1991 ൽ യുഎസ്എസ്ആർ തകരരുകയും ഗോർബച്ചേവ് സ്ഥാനമൊഴിയുകയും ചെയ്തു.
നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയിൽ 1931 മാർച്ച് 2 നാണ് മിഖായേൽ സെർജെയ്വിച്ച് ഗോർബച്ചേവ് ജനിച്ചത്. 1953 ൽ സഹപാഠിയായ റെയ്സയെ വിവാഹം കഴിച്ചു. 1978 ൽ പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ സെക്രട്ടറിയായി. 1979 ൽ പൊളിറ്റ്ബ്യൂറോയിലെത്തി. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറി. 1990-91 കാലയളവിൽ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ്. 1990ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരവും നേടി.
റഷ്യയുടെ ഏകാധിപത്യ സ്വഭാവം പ്രകടമാവുന്ന ഈ കാലത്താണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനകീയവത്കരിച്ച്, ലോകത്തെ സമാധാനത്തിലേക്ക് നയിച്ച വിപ്ലവകാരി ഓർമയാകുന്നത്. ജനാധിപത്യവാദിയായ ഗോര്‍ബച്ചേവിന്റെ പിന്മുറക്കാർ ഇന്ന് ലോകസമാധാനത്തിന് വേണ്ടി സ്വീകരിക്കുന്ന സമീപനങ്ങളും ഈ അവസരത്തിൽ ഓർക്കപ്പെടേണ്ടതാണ്.