ദുബായ്: ഒക്ടോബർ 1 വയോജന ദിനത്തിന്റെ ഭാഗമായി ദുബായ് ജനൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുഖർ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി അനുസ്മരണ പരിപാടിയും സർഗ്ഗാത്മക ശിൽപശാലകളും നടന്നു.
വയോധികരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൺപാത്ര നിർമ്മാണത്തിലും കരകൗശല വസ്തുക്കളിലും പ്രത്യേക പരിശീലന ശില്പശാലകൾ സംഘടിപ്പിച്ചു. 40 മുതിർന്ന പൗരന്മാർ പങ്കെടുത്ത ഈ ശില്പശാല, പരിശീലകരുടെ മേൽനോട്ടത്തിൽ നടന്നു. പ്രായമായവരുടെ സർഗ്ഗാത്മകതയും കഴിവും ഉത്തേജിപ്പിക്കുന്നതിൽ ഈ പരിപാടി ശ്രദ്ധേയമായ സംരംഭമായി മാറി.തലമുറകളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ സഹകരണത്തോടെ പ്രായമായവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ദുബായ് ജി.ഡി.ആർ.എഫ്.എ.യുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
ശാരീരികമായും മാനസീകമായും വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ തളർന്നുപോകാതെ അവരെ ചേർത്തു നിർത്തുക എന്ന ലക്ഷ്യം വെച്ചാണ് യുഎൻ അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നത്.അന്തസ്സോടെ വാർദ്ധക്യം എന്നതായിരുന്നു ഇത്തവണത്തെ യു.എൻ മുദ്രാവാക്യം.