കുവൈറ്റ് ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കമായി. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ചേരുക. ദേശീയ അസംബ്ലിയിലെ ചില കമ്മിറ്റികളുടെ ഒഴിവുള്ള സീറ്റുകൾ നികത്തൽ, അറബ് പാർലമെന്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളാണ് അസംബ്ലിയിലെ അംഗങ്ങൾ പ്രധാനമായും ചർച്ചചെയ്യുക. കൂടാതെ വ്യവസായിക ലോട്ടുകളുടെ വിതരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ നേരിടുന്ന തടസ്സങ്ങൾ എന്നിവയെക്കുറിച്ചും അന്വേഷിക്കാൻ സമിതികൾ രൂപവത്കരിക്കാനുള്ള അഭ്യർഥനകളും സഭയുടെ മുന്നിലുണ്ട്.
2011-16 മുതൽ 2018-20 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ സർക്കാർ വകുപ്പുകളുടെ അന്തിമ പ്രസ്താവനകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചർച്ചചെയ്യും. കൂടാതെ വീട്ടുജോലിക്കാരുടെ പേര് മാറ്റം സംബന്ധിച്ച ചർച്ചയും അസംബ്ലിയുടെ അജണ്ടയിലുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 87, 90, 104, 106 എന്നിവ വ്യക്തമാക്കാൻ ഭരണഘടനാ കോടതിയോടുള്ള അഭ്യർഥനയും പരിഗണിക്കും. യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് വാങ്ങുന്നതിനുള്ള കരാറിലെ ലംഘനങ്ങൾ അന്വേഷിക്കാൻ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുന്ന കാര്യവും ദേശീയ അസംബ്ലി ചർച്ചചെയ്യും.
അതേസമയം സർക്കാറിന്റെ പുതിയ പ്രകടനപത്രിക മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തതായി സർക്കാർ വക്താവ് താരീഖ് അൽ മെസ്റം അറിയിച്ചു. പ്രകടനപത്രികയ്ക്ക് തത്ത്വത്തിൽ അംഗീകാരം നൽകാൻ മന്ത്രിസഭയിൽ തീരുമാനമായിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ അന്തിമ രൂപം തയാറാക്കാൻ പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷം മന്ത്രിസഭ വീണ്ടും പരിശോധനക്ക് വിധേയമാക്കി ദേശീയ അസംബ്ലിയിൽ സമർപ്പിക്കും.