കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ വിവിധ സംഘടനകൾ പിരിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യഹർജി. നടനും അഭിഭാഷകനുമായ സി.ഷുക്കൂറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വിവരാവകാശ നിയമത്തിൻ്റെ പശ്ചാത്തലത്തിൽ ഉൾപ്പെടാത്ത സ്വകാര്യ വ്യക്തികളും സംഘടനകളും ദുരിതബാധിതർക്കായി പണം പിരിക്കുന്ന സാഹചര്യത്തിലാണ് ഷുക്കൂർ ഹൈക്കോടതിയെ ഹർജിയുമായി സമീപിച്ചത്.
സ്വകാര്യ സംഘടനകൾ പിരിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്കോ അല്ലെങ്കിൽ പൊതുഅക്കൌണ്ട് ഉണ്ടാക്കി അതിലേക്കോ മാറ്റണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സംഘടനകളും രാഷ്ട്രീയ പാർട്ടികളും വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരാത്തതിനാൽ ഇവർ പിരിച്ചെടുക്കുന്ന തുകയിൽ സുതാര്യതയുണ്ടാവില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഉരുൾപൊട്ടലിന് പിന്നാലെ നിരവധി സംഘടനകളാണ് ഫണ്ട് ശേഖരിക്കുന്നത്. പലരും ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇങ്ങനെ നിർമ്മിക്കുന്ന വീടുകളുടെ ഗുണനിലവാരം സർക്കാർ ഉറപ്പാക്കണമെന്നും ഹർജിയിലുണ്ട്. അടുത്ത ദിവസം ഹർജി കോടതി പരിഗണിക്കും
അഡ്വ.സി ഷുക്കൂറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ബഹു . കേരള ഹൈക്കോടതി മുമ്പാകെ ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
വയനാട് ദുരന്തത്തിന്ർറെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു, ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ല. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടും. സമൂഹ നന്മ കണക്കാക്കി പണം സംഭാവന ചെയ്യുന്നവരുണ്ട്, പക്ഷേ ഫണ്ടിൻ്റെ ഭൂരിഭാഗവും അർഹരായവരിലേക്ക് എത്താൻ സാധ്യതയില്ല.
ദുരിതബാധിതർക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി സർക്കാർ രൂപീകരിച്ചതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. , അതിനാൽ ഏത് സംഘടനയും ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം. വീട് നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയും കേന്ദ്രീകൃത ഏജൻസിയാണ് ചെയ്യേണ്ടത്, രാഷ്ട്രീയമോ മതപരമോ ആയ സംഘടനകൾക്ക് അവരുടെ ലേബലിൽ വീട് അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് മുൻഗണന നൽകരുത്.
ദുരന്തത്തിനിരയായവരെ തുല്യമായി പരിഗണിക്കേണ്ടതുണ്ട്. എല്ലാവർക്കും തുല്യ പദവിയും ജീവിത നിലവാരവും നൽകണം, അത് അവരുടെ മൗലികാവകാശമാണ്. സർക്കാർ സംവിധാനങ്ങൾക്കോ കേന്ദ്രീകൃത ഏജൻസിക്കോ മാത്രമേ തുല്യ പരിഗണന ഉറപ്പാക്കാൻ കഴിയൂ. അല്ലാത്തപക്ഷം സംഘടനകൾ അവരുടെ സംഘടനയുമായി അടുപ്പമുള്ളവർക്ക് മുൻഗണന നൽകുകയും അതുവഴി ദുരന്തത്തിനിരയായവർക്കിടയിൽ വിവേചനം ഉണ്ടാകുകയും ചെയ്യും.
പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുന്ന സ്ഥാപനത്തിൻ്റെയോ വ്യക്തിയുടെയോ സ്വഭാവത്തെക്കുറിച്ച് അന്വേഷണം നടത്താനും അങ്ങനെ ശേഖരിക്കുന്ന പണം അവർ എങ്ങനെ ചെലവഴിക്കുന്നുവെന്നും നിരീക്ഷിക്കാനും സർക്കാർ ബാധ്യസ്ഥമാണെന്നും ഹർജിയിൽ പറയുന്നു.
ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് ചീഫ്, വയനാട് ജില്ലാ കലക്ടർ എന്നിവരാണ് എതിർ കക്ഷികൾ. ബാക്കി വിവരങ്ങൾ പിറകേ പറയാം. പിന്തുണ വേണം. നല്ല മനസ്സോടെ , സഹജീവിയെ സഹായിക്കുവാൻ നൽകുന്ന ഒരു തുകയും പാഴായി പോകരുത്, അർഹരിൽ തന്നെ എത്തണം.
ഷുക്കൂർ വക്കീൽ.