കോഴിക്കോട്: നിപ തരംഗത്തിനുള്ള സാധ്യതകൾ ഒഴിവായതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നു.തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കും.കണ്ടെയ്ൻമെൻറ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ഓൺലൈനായി ക്ലാസ്സുകൾ തുടരും. ഇടവേളയ്ക്ക് ശേഷം തുറന്നു പ്രവർത്തിക്കുമ്പോൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രോട്ടോക്കോൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ജില്ല കളക്ടർ ആവശ്യപ്പെട്ടു.

അതേസമയം നിപയിൽ ഇന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രിയും ഇന്നുമായി വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. സമ്പർക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. നാന്നൂറോളം പേരെ ഇതിനോടകം സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിപ ബാധിതനായി വെൻ്റിലേറ്ററിലായിരുന്ന ഒൻപത് വയസ്സുകാരൻ്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്ന കുട്ടി രണ്ട് നെഗറ്റീവായാൽ മാത്രമേ നിപ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സയിൽ നിന്നും മാറ്റൂ. നിപ ബാധിതരായി ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. പബ്ലിക് ഹെൽത്ത് ലാബുകൾ ഉൾപ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു
