യു.ജി.സി സ്കെയില്‍ പ്രകാരമുള്ള ശമ്പളം ചോദിച്ചതിന് കൊല്ലത്ത് അഞ്ചലിലെ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ് നഴ്സിംഗ് കോളേജില്‍ അധ്യാപകരെ പുറത്താക്കി ഗേറ്റ് അടച്ച് മാനേജ്മെന്റ്. ശമ്പളം ചോദിച്ചാല്‍ മാനേജ്മെന്റ് ഭീഷണി പ്പെടുത്തുന്ന സാഹചര്യമാണെന്ന് അധ്യാപകര്‍ പറയുന്നു. അര്‍ഹമായ വേതനം തരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് കേട്ടില്ല. ഇതോടെ ശമ്പളം ആവശ്യപ്പെട്ട അധ്യാപകര്‍ മെമ്മോറാണ്ടം നല്കി. ഇതിന് പിന്നാലെയാണ് കോളേജില്‍ ആകെയുള്ള 16 അധ്യാപകരില്‍ 14 പേരെയും പുറത്താക്കിയത്.
അധ്യാപകരുടെ അവകാശങ്ങള്‍ ചോദിച്ചിട്ടും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് മറുപടി കിട്ടാത്ത സാഹചര്യത്തില്‍ ഒരു മെമ്മോറാണ്ടം നല്കി. ഒരാഴ്ച കഴിഞ്ഞ് മാനേജ്മെന്റിനെ സമീപിച്ചിട്ടും അവര്‍ അതില്‍ നടപടി എടുക്കാത്ത സാഹചര്യമാണുണ്ടായത്. മാനേജ്മെന്റ് അധ്യാപകരുടെ അവകാശങ്ങളെ മുഖവിലയ്ക്ക് എടുക്കാത്ത സഹാചര്യത്തില്‍ ഒരു ദിവസം പണിമുടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രാവിലെ ഇവിടെ വന്നപ്പോള്‍ പൊലീസിനെ വിട്ട് മാനസികമായി ടോര്‍ച്ചര്‍ ചെയ്യിക്കുകയായിരുന്നുവെന്ന് അധ്യാപകര്‍ സീ ന്യൂസിനോട് പറഞ്ഞു.
ഇന്ന് രാവിലെ വന്നപ്പോള്‍ കോളേജ് തുറന്ന് തന്നിട്ടില്ല. സ്റ്റാഫ് റൂം പൂട്ടി ഇട്ടിരിക്കുകയാണ്. കോളേജിന്റെ ഗേറ്റ് വരെ പൂട്ടി ഇട്ടിരിക്കുകയാണ്. അനധ്യാപകരായ കോളേജ് സ്റ്റാഫുകളെ അവര്‍ കടത്തിവിടുന്നുണ്ട്. യുജിസി സാലറി സ്കെയില്‍ അനുസരിച്ച് ശമ്പളം തരണമെന്ന് പറഞ്ഞ് കെഎന്‍എംസി (കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍) സര്‍ക്കുലര്‍ ഇറക്കിയതാണ്. ആ സര്‍ക്കുലര്‍ പ്രകാരം അധ്യാപകര്‍ക്ക് യുജിസി സാലറി സ്കെയില്‍ പ്രകാരം ശമ്പളം കൊടുത്തില്ലെങ്കില്‍ കോളേജിന്റെ അഫിലിയേഷന് റദ്ദാക്കുമെന്ന് പറഞ്ഞതുമാണെന്ന് അധ്യാപകരില്‍ ഒരാള്‍ പറഞ്ഞു.
യു.ജി.സി അംഗീകരിച്ച ശമ്പള സ്കെയില്‍ പ്രകാരം ഒരു ലക്ഷം രൂപ വരെയാണ് അധ്യാപകര്‍ക്ക് ലഭിക്കേണ്ടത്. അഞ്ചല്‍ സെന്റ് ജോസഫ് നഴ്സിംഗ് കോളേജില്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് ലഭിക്കുന്നത് 40,000 രൂപ വരെയാണ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഈ സാഹചര്യത്തിലാണ് അധ്യാപകര്‍ പ്രതിഷേധിച്ചത്. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലിന്റെ സഹായത്തോടെയാണ് പ്രതിഷേധം നടത്തുന്നതെന്നും തങ്ങള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.