കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി വെൻറിലേറ്ററിൽ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കണ്ണൂർ സ്വദേശിയായ മൂന്നരവയസ്സുകാരനെ അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരി ലാബിലെ പിസിആർ പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്.
തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം, രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.