കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യവിശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹം വഹിച്ച് പയ്യാമ്പലത്തെത്തിച്ചത്.
കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കാല്‍നടയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും ആംബുലന്‍സിനെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം എ ബേബി, എം വി ഗോവിന്ദൻ, എം വിജയരാജൻ, വിജയരാഘവൻ, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു.
സംസ്കാരത്തിന് ശേഷം നടന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിച്ചു. പാർട്ടിയുടെ തീരാനഷ്ടമാണ് കോടിയേരിയുടെ വിയോഗമെന്ന് പിണറായി അനുശോചന യോഗത്തിൽ പറഞ്ഞു. അവസാന നിമിഷത്തിൽ സഖാവിനെ പരിചരിച്ച ഡോക്ടർമാർക്കും ദുഖത്തിൽ പങ്കു ചേർന്ന ജനങ്ങൾക്കും അദ്ദേഹം നന്ദിയറിയിച്ചു. വികാരഭരിതനായ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇടറി പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി വേദി വിട്ടത്.