യുഎഇയിൽ ഏറ്റവും വലിയ റെസിഡൻസ് വിസ, എൻട്രി പരിഷ്കരണങ്ങൾ ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിൻ്റെ പ്രയോജനം ലഭിക്കുന്നവരിൽ യുഎഇയിലെ താമസക്കാർ, വിനോദസഞ്ചാരികൾ, തൊഴിലന്വേഷകർ എന്നിവരുണ്ട്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) പ്രകാരം, ടൂറിസ്റ്റുകൾ, തൊഴിലന്വേഷകർ, ഗോൾഡൻ ആൻഡ് ഗ്രീൻ റെസിഡൻസികൾ, ട്രക്ക് ഡ്രൈവർമാർക്കുള്ള കര, തുറമുഖ എൻട്രി പെർമിറ്റുകൾ എന്നിങ്ങനെ 15-ലധികം തരം വിസകളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നത്.
വിസ മാറ്റങ്ങൾ എങ്ങനെയെന്ന് നോക്കാം:
ഗ്രീൻ , ഗോൾഡൻ എന്നീ വിസകൾക്കൊഴിച്ചുള്ള താമസ വിസകൾക്ക് പരമാവധി 2 വർഷം കാലാവധി വരെ അപേക്ഷിക്കാം.
ഗ്രീൻ വിസ
പ്രാവീണ്യമുള്ള ജീവനക്കാർ, ഫ്രീലാൻസർമാർ, നിക്ഷേപകർ എന്നിവരെ ലക്ഷ്യമിടുന്നതാണ് ഈ അഞ്ച് വർഷത്തെ വിസ. സ്വയം സ്പോൺസർ ചെയ്യുന്ന വിസയിലൂടെ പങ്കാളി, മക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരെ സ്പോൺസർ ചെയ്യാൻ കഴിയും.
ആകെ ചെലവ്: 3,175 ദിർഹം ( മെഡിക്കൽ പരിശോധന, വിസ, എമിറേറ്റ്സ് ഐഡി ഫീസ് എന്നിവ ഉൾപ്പടെ)
തൊഴിൽ അന്വേഷണ വിസ
ഒറ്റത്തവണ പ്രവേശനമുള്ള പെർമിറ്റ് യുവ പ്രതിഭകളെയും വിദഗ്ധരായ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടുള്ളതാണ്. ഇത് 60, 90 അല്ലെങ്കിൽ 120 ദിവസത്തേക്ക് നൽകുന്നു. മൊഹ്രെ പ്രകാരം ഒന്നാമത്തേയോ രണ്ടാമത്തേയോ മൂന്നാമത്തെയോ നൈപുണ്യ തലത്തിൽ തരംതിരിച്ചവർക്കാണ് വിസ അനുവദിക്കുക. ലോകത്തിലെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്ക് അപേക്ഷിക്കാം, കൂടാതെ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദമോ അതിന് തുല്യമോ ഉണ്ടായിരിക്കണം.
1,025 ദിർഹമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പെടെ ആകെ ചെലവ്:
60 ദിവസം: ദിർഹം 1,495
90 ദിവസം: ദിർഹം 1,655
120 ദിവസം: ദിർഹം 1,815
ബിസിനസ് എൻട്രി വിസ
60, 90 അല്ലെങ്കിൽ 120 ദിവസത്തേക്കാണ് ഈ സിംഗിൾ എൻട്രി വിസ. ഇതിന് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല. കൂടാതെ യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതുമാണ്.
സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പെടെ ആകെ ചെലവ്:
60 ദിവസം: ദിർഹം 1,495
90 ദിവസം: ദിർഹം 1,655
120 ദിവസം: ദിർഹം 1,815
എല്ലാ രാജ്യക്കാർക്കും 5 വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ
ഈ വിസയുള്ളവർക്ക് തുടർച്ചയായി 90 ദിവസം വരെ യുഎഇയിൽ തുടരാനാകും. ഇത് സമാനമായ കാലയളവിലേക്ക് നീട്ടുകയും ചെയ്യാം. മുഴുവൻ താമസ കാലയളവ് ഒരു വർഷം 180 ദിവസത്തിൽ കൂടരുത്.
ഈ വിസയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പുള്ള ആറ് മാസ കാലയളവിൽ 4,000 ഡോളർ അല്ലെങ്കിൽ വിദേശ കറൻസിയിൽ അതിന് തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടെന്നതിന് തെളിവ് ആവശ്യമാണ്.
ചെലവ്: ദിർഹം 650 (ഇൻഷുറൻസ് ഇല്ലാതെ)
ഗോൾഡൻ വിസ
വിദഗ്ധരായ പ്രൊഫഷണലുകൾ: ആവശ്യമായ കുറഞ്ഞ പ്രതിമാസ ശമ്പളം 50,000 ദിർഹത്തിൽ നിന്ന് 30,000 ദിർഹമായി കുറച്ചിട്ടുണ്ട്
നിക്ഷേപകർ: കുറഞ്ഞത് 2 ദശലക്ഷം ദിർഹം മൂല്യമുള്ള പ്രോപ്പർട്ടി,നിർദ്ദിഷ്ട പ്രാദേശിക ബാങ്കുകളിൽ നിന്നുള്ള വായ്പയുമാകാം. അംഗീകൃത പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾ അനുവദനീയമാണ്.
പ്രധാന നേട്ടം: ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് താമസിക്കുന്നത് വിസ സാധുതയെ ബാധിക്കില്ല.
ചെലവ്: ദിർഹം 4,625 (ഏകദേശ ചെലവിൽ മെഡിക്കൽ പരിശോധന, വിസ, എമിറേറ്റ്സ് ഐഡി ഫീസ് എന്നിവ ഉൾപ്പടെ)