എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ നാരായൻ അന്തരിച്ചു. 82 വയസ്സായിരുന്നു. 1940 സെപ്റ്റംബർ 26 ന് ഇടുക്കിയിലായിരുന്നു ജനനം. ആദിവാസി സമൂഹത്തിലെ ജനങ്ങളുടെ അനുഭവങ്ങൾ പച്ചയായി അവതരിപ്പിച്ച ആദ്യ നോവൽ ‘കൊച്ചേരത്തി ‘യാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്.
താഴെത്തട്ടിൽ ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതമാണ് നാരായന്റെ കഥകളിലും നോവലുകളിലുമൊക്കെയായി പ്രതിഫലിച്ചിരിക്കുന്നത്. ഊരാളിക്കൂടി, വന്നല, ചെങ്ങാറും കൂട്ടാളികളും,ആരാണ് തോൽക്കുന്നവർ, ഈ വഴിയിൽ ആളെറെയില്ല തുടങ്ങിയ നോവലുകളിലും പെലമറുത, നിസ്സഹായന്റെ നിലവിളി എന്ന കഥാസമാഹാരത്തിലും ആദിവാസി ജീവിതത്തിന്റെ യഥാർത്ഥ മുഖങ്ങൾ നിഴലിച്ചു നിന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ്, അബുദാബി ശക്തി അവാർഡ്, തോപ്പിൽ രവി അവാർഡ്, എക്കണോമിക് ക്രോസ്സ്വേർഡ് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.