പാര്‍ലമെന്റില്‍ അദാനിഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെ തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയ്ക്കെതിരെ അദാനി ഗ്രൂപ്പ്. ചില സംഘങ്ങളും വ്യക്തികളും കമ്പനിയുടെ പേര് ഇല്ലാതാക്കാന്‍ ഓവര്‍ടൈം പണിയെടുക്കുന്നുണ്ടെന്നാണ് അദാനിയുടെ വിമര്‍ശനം.

ഹിരാനന്ദനി ഗ്രൂപ്പിന്റെ സിഇഒ ആയ ദര്ശന് ഹിരാനന്ദനിയ്ക്കും മഹുവ മൊയ്ത്രയ്ക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് അദാനി ഗ്രൂപ്പ് പരാതി നല്കി. ഹിരാനന്ദനിയുടെ പക്കല്‍ നിന്ന് കൈക്കൂലിയും മറ്റു ഉപകാരങ്ങളും കൈപ്പറ്റി മഹുവ മൊയ്ത്ര അദാനിഗ്രൂപ്പിനെതിരെ മനഃപൂര്‍വ്വം പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.

സംഭവത്തില്‍ മഹുവയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം പി നിഷികാന്ത് ദുബേ ലോക്സഭ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റില്‍ ഭരണ മുന്നണിയ്ക്കെതിരെയും അദാനി ഗ്രൂപ്പും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെയും ശക്തമായി പ്രതികരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന എം.പിയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള മഹുവ മൊയ്ത്ര. മഹുവയ്ക്കെതിരെ ബിജെപി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദാനി ഗ്രൂപ്പ് പരസ്യമായി പ്രസ്താവനയിലൂടെ മഹുവയ്ക്കെതിരെ രംഗത്തെത്തിയത്.
