2022ലെ മാഗ്സസെ പുരസ്കാരം കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വം അവാർഡിന് നോ പറഞ്ഞതോടെ പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ നിന്നും ശൈലജ പിന്മാറി. ഏഷ്യയുടെ നോബൽ പുരസ്കാരമാണ് മാഗ്സസെ അവാർഡ്. അന്തരിച്ച ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പേരിലുള്ള രാജ്യാന്തര ബഹുമതിയാണിത്.
നിപ, കോവിഡ് 19 എന്നീ മഹാമാരികളെ നേരിടുന്നതിൽ കേരളം ആഗോള അംഗീകാരം നേടിയിരുന്നു. പൊതുജനാരോഗ്യം ഉറപ്പാക്കാനും ഫലപ്രദമായി നേതൃത്വം നല്കിയെന്ന വിലയിരുത്തലിലാണ് 64ാമത് മാഗ്സസെ പുരസ്കാരത്തിന് കെ കെ ശൈലജയെ പരിഗണിച്ചത്. എന്നാൽ സിപിഎം നേതൃത്വം അവാർഡ് സ്വീകരിക്കാൻ അനുമതി നിഷേധിച്ചുവെന്ന് ദ ന്യൂ ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.
ശൈലജയുമായി ഫൗണ്ടേഷൻ പ്രതിനിധികൾ ഓൺലൈനായി ആശയവിനിമയം നടത്തിയിരുന്നു. പിന്നീട് ജൂലായ് അവസാനത്തോടെ അവാർഡ് വിവരം അറിയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് . അന്താരാഷ്ട്ര ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം ശൈലജയെ മെയിൽ വഴി അറിയിച്ചിരുന്നു. അവാർഡ് സ്വീകരിക്കാനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കാനാണ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടത് .
2022 സെപ്റ്റംബർ മുതൽ നവംബർ വരെ അവാർഡുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും ഫൗണ്ടേഷൻ ഇതിനോടകം ക്രമീകരിച്ചിരുന്നതുമാണ്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് പാർട്ടി നേതൃത്വവുമായി ആലോചിച്ചിരുന്നു . എന്നാൽ, അവാർഡിന്റെ വിവിധ വശങ്ങൾ പരിശോധിച്ച നേതൃത്വം അത് സ്വീകരിക്കുന്നതിനെതിരെ നിലപാടെടുക്കുകയായിരുന്നു.
ആരോഗ്യമന്ത്രി എന്ന നിലയിൽ ഏൽപ്പിച്ച കടമ നിർവഹിക്കുക മാത്രമാണ് ശൈലജ ചെയ്തതെന്നാണ് പാർട്ടിയുടെ വിലയിരുത്തല്. നിപ്പയും കോവിഡ് മഹാമാരിയും പ്രതിരോധിച്ചത് സംസ്ഥാനത്തിന്റെ കൂടി കൂട്ടായ ശ്രമത്തിന്റെ ഭാഗമായിരുന്നു. അതിനാൽ ഒരാളുടെ വ്യക്തിഗത മേന്മ എന്ന നിലയിൽ അവാർഡ് സ്വീകരിക്കേണ്ടതില്ലെന്നും പാർട്ടി പറഞ്ഞു.