ബെയ്ജിംഗ്: അസാധാരണ വൈറസ് ബാധയെ കുറിച്ചുള്ള ആശങ്കൾ പടരുമ്പോഴും യാതൊരു കുലുക്കവും ചൈനയ്ക്ക്. മെറ്റാപ്ന്യൂമോവൈറസ് (HMPV) വൈറസ് ബാധിച്ച് ആയിരങ്ങൾ ആശുപത്രിയിൽ എത്തിയെങ്കിലും ഭയപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ലെന്നും ശൈത്യകാലത്ത് സാധാരണ കണ്ടുവരുന്ന ഒരു രോഗം മാത്രമാണ് ഈ വൈറസ് ബാധയെന്നുമാണ് ചൈനീസ് സർക്കാർ ഇന്ന് വ്യക്തമാക്കിയത്. വിദേശികൾക്ക് ചൈനയിൽ സഞ്ചരിക്കാൻ യാതൊരു തടസ്സമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ചൈനീസ് സർക്കാരിൻ്റെ ഈ നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് ചൈനയിലെ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും ഉള്ളത്. കൊവിഡിന് സമാനമായ രീതിയിൽ രാജ്യവ്യാപകമായി രോഗികളില്ലെങ്കിലും പല പ്രവിശ്യകളിലേയും ആശുപത്രികൾ രോഗികളുടെ എണ്ണക്കൂടുതൽ കാരണം പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Huanqiu Shibao (ഗ്ലോബൽ ടൈംസ്) പോലെയുള്ള ചൈനീസ് മാധ്യമങ്ങളും പ്രശസ്തമായ സിന ഫിനാൻസ്, ജിമു ന്യൂസ്, ദി പേപ്പർ എന്നിവയും 2025 ൻ്റെ തുടക്കം മുതൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവരുടെ എണ്ണം കുത്തനെ കൂടുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മെറ്റാപ്ന്യൂമോവൈറസ് (HMPV) ബാധയാണ് ഈ ആരോഗ്യ പ്രതിസന്ധിക്ക് കാരണമെന്നും മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
രാജ്യത്തെ വിവിധ കുട്ടികളുടെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ, പകർച്ചവ്യാധി യൂണിറ്റുകൾ, പനി ക്ലിനിക്കുകൾ, ഇൻഫ്യൂഷൻ മുറികൾ എന്നിവ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നതെങ്ങനെയെന്ന് ചൈനീസ് മാധ്യമങ്ങളിലെ വിവിധ റിപ്പോർട്ടുകളിൽ തന്നെ പറയുന്നുണ്ട്. ഔട്ട്പേഷ്യൻ്റ്, എമർജൻസി ഇൻഫ്യൂഷൻ വിഭാഗങ്ങളുടെ കോൾ സെൻ്ററുകൾ വഴി നൂറുകണക്കിന് കുട്ടികൾ വിദഗ്ദ്ദ ചികിത്സ കാത്തിരിക്കുകയാണ്.
ചൈനീസ് മാധ്യമമായ സിന ഫിനാൻസ് ഇതേക്കുറിച്ച് വിശദമായി തന്നെ ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡിസംബർ പകുതിയോടെ തന്നെ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം സാധാരണയിലും ഇരട്ടിയായിരുന്നു. ജനുവരി ആദ്യആഴ്ചയിൽ അത് അഞ്ചിരട്ടിയായി ഉയർന്നു. പനിയ്ക്കുള്ള മരുന്നുകളുടെ വിൽപന ഈ ആഴ്ചകളിൽ ചൈനയിൽ കുതിച്ചുയർന്നു. പൾമണോളജി ഡോക്ടർമാരുടേയും നഴ്സിംഗ് ജീവനക്കാരുടേയും അമിത ജോലിഭാരം കുറയ്ക്കാൻ മറ്റു വിഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ അണിനിരത്തേണ്ടി വന്നു.
ഒരു ബീജിംഗ് ബിസിനസ്സ് ദിനപത്രത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2024 ഡിസംബറിൽ, ഇൻഫ്ലുവൻസ വിരുദ്ധ മരുന്നുകളുടെയും ആൻ്റിപൈറിറ്റിക് പാച്ചുകളുടെയും വിൽപ്പന യഥാക്രമം 164 ശതമാനത്തിലും 181.5 ശതമാനത്തിലും എത്തി. സലൈൻ ലായനികൾ, നാസൽ സ്പ്രേകൾ എന്നിവ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും വളരെയധികം വിറ്റുപോകുന്നുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടും എന്തുകൊണ്ടാണ് അവർ ഇപ്പോഴും രോഗബാധിതരാകുന്നത് എന്നതിനെക്കുറിച്ച്
ചൈനയിലെ പൊതുജനങ്ങൾക്കിടയിലും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ മെറ്റാപ്ന്യൂമോവൈറസ് വൈറസ് ബാധ കാലങ്ങളായി ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നതാണെന്നും ശൈത്യകാലത്ത് വൈറസ് ബാധ ശക്തിപ്പെടുന്നത് പതിവാണെന്നുമാണ് ചൈനീസ് സർക്കാരിൻ്റെ ഔദ്യോഗിക മാധ്യമങ്ങളുടെ വിലയിരുത്തൽ.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ദുർബലമായ പ്രതിരോധശേഷി ഉള്ളവർക്കും വൈറസ് ബാധ ആരോഗ്യനില വഷളാക്കാൻ സാധ്യതയുണ്ട്.. ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസും റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസും ബാധിച്ച ശേഷമുള്ള ശരാശരി മരണനിരക്ക് 100 ദിവസത്തിനുള്ളിൽ 43 ശതമാനമാണ്, സിന ഫിനാൻസിലെ റിപ്പോർട്ട് പ്രകാരം. നിലവിൽ, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസിന് പ്രത്യേക മരുന്ന് ഇല്ല, കൂടാതെ പരമ്പരാഗത ആൻറിവൈറൽ മരുന്നുകൾ ചികിത്സയ്ക്കായി ശുപാർശ ചെയ്യുന്നില്ല. രോഗലക്ഷണ ചികിത്സയാണ് പ്രധാനം,.
മുൻകരുതൽ എന്ന നിലയിൽ, ചൈനീസ് മാധ്യമങ്ങൾ കൈ ശുചിത്വം, മുഖംമൂടി ധരിക്കൽ, വീടിനുള്ളിലെ വായുസഞ്ചാരം നിലനിർത്തൽ, സമീകൃതാഹാരം, വ്യായാമം, നല്ല ഉറക്കം എന്നിവയിലൂടെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ നിർദേശിക്കുന്നു.
2001-ൽ നെതർലാൻഡിൽ ആദ്യമായി വേർതിരിച്ചെടുത്ത ഒരു ആർഎൻഎ വൈറസാണ് HMPV. അതിനുശേഷം, ശൈത്യകാലത്ത് ആഗോളതലത്തിൽ കേസുകൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് വൈറസ് ഉണ്ടാക്കുന്നത്. എന്നാൽ ചിലരിൽ ഈ രോഗം കടുത്ത അണുബാധയ്ക്ക് വഴിയൊരുക്കുന്നു. ഇത് ചിലപ്പോൾ ന്യുമോണിയ, ആസ്ത്മ ഫ്ലെയർ-അപ്പുകൾ പോലുള്ള ശ്വാസകോശ അണുബാധകൾക്ക് കാരണമാകാം അല്ലെങ്കിൽ നിലവിലുള്ള ശ്വാസകോശ സംബന്ധമായ അസുഖം കൂടുതൽ വഷളാക്കും.
യുഎസിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിൻ്റെ അഭിപ്രായത്തിൽ, കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ HMPV മൂലമാണ് ഉണ്ടാകുന്നതാണ്. മിക്ക കേസുകളും വലിയ ചികിത്സയുടെ ആവശ്യമില്ലാതെ ഭേദമാകും. എന്നാൽ അഞ്ച് ശതമാനം മുതൽ 16 ശതമാനം വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധ ഉണ്ടാകാം. എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണെങ്കിലും 24 വർഷത്തിനുശേഷവും വാക്സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.