നവാഗത സംവിധായകനായ മിഥുന് മുരളിയുടെ ‘കിസ് വാഗണ്‍’ എന്ന പരീക്ഷണ ചിത്രം ഇപ്രാവശ്യത്തെ റോട്ടര്‍ഡാം അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിലെ സുപ്രധാനമായ ടൈഗര്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ വര്‍ഷം ആ വിഭാഗത്തിലുള്ള ഏക ഇന്ത്യന്‍ സിനിമ കൂടിയാണിത്.
മിലിറ്ററി ഭരിക്കുന്ന സാങ്കല്‍പ്പിക നഗരത്തില്‍ പാര്‍സല്‍ സര്‍വീസ് നടത്തുന്ന ഐല എന്ന പെണ്‍കുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ പ്ലോട്ട്. പാര്‍സല്‍ ഡെലിവെറിയുടെ ഭാഗമായി നടത്തുന്ന അവളുടെ സാഹസികമായ യാത്ര, ചലനാത്മകമായ ശബ്ദ-ദൃശ്യ അകമ്പടികളോടെ വലിയൊരു കഥാലോകത്തെ തുറന്നു കാട്ടുന്നു. നിഴല്‍നാടകങ്ങളുടെ (shadow play) രൂപഘടന ഇമേജറികളില്‍ ഉള്‍ക്കൊണ്ട് കൊണ്ട് രണ്ടായിരത്തോളം കരകൗശലനിര്‍മ്മിതമായ ഷോട്ടുകളുടെയും ഓഡിയോ-വീഡിയോ അകമ്പടികളുടെയും മൂന്നുമണിക്കൂര്‍ നീളുന്ന ഒരു ബൃഹത്തായ മിശ്രിതമാണീ രസകരമായ എപിക് ആഖ്യാനചിത്രം, ആ നിലയ്ക്കും ഒരുപക്ഷെ ആദ്യമായിട്ടാണ് ഇതുപോലൊരു ഫീച്ചര്‍ ഫിലിം ശ്രമം.
ഒരു ഒറ്റയാള്‍ സൈന്യം പോലെ, ഒരു ബദല്‍ പ്രസ്താവന പോലെ തന്റെ സിനിമയുടെ വിവിധ ഡിപ്പാര്‍ട്മെന്റുകള്‍ കൈകാര്യം ചെയ്തതത്രയും സൃഷ്ടാവായ മിഥുനാണ്. ‘പാരമ്പര്യേതര രീതിയില്‍ ഒരു സിനിമ സൃഷ്ടിക്കുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാന ആലോചന. സിനിമ സംവിധായകന്റെ കലയാണെങ്കിലും, സിനിമയെ ഒരു കലാരൂപമായി നിര്‍വചിക്കുന്ന അടിസ്ഥാന ഘടകങ്ങളെ പലപ്പോഴും അവഗണിച്ചുകൊണ്ട് മിക്ക സിനിമാപ്രേമികളും സ്ക്രീനിലെ അഭിനേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ഉടക്കിനില്‍ക്കുന്നു, ഈ ശീലത്തെ മറികടക്കാനുള്ള കൗതുകകരമായ തിരിച്ചറിവാണ് ‘കിസ് വാഗണ്‍’ എന്ന ചിത്രത്തിലേക്ക് നയിച്ചത്. പരമ്പരാഗത സങ്കല്‍പ്പങ്ങളെ ആശ്രയിക്കാതെ, മുഖങ്ങളെയോ മറ്റൊന്നും തന്നെയോ ഷൂട്ട് ചെയ്യാതെ ഓരോ ഫ്രയിമും ഡിജിറ്റലി നിര്‍മ്മിച്ചെടുത്തു കൊണ്ട്; രചന, എഡിറ്റിംഗ്, ശബ്ദം, സംഗീതം, ആഖ്യാന ശൈലി, രൂപം, ഘടന തുടങ്ങിയ സിനിമാറ്റിക് ഘടകങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു മിക്സഡ്-മീഡിയ ഫീച്ചര്‍ ഫിലിം അപ്രകാരം വിഭാവനം ചെയ്യുകയായിരുന്നു’, മിഥുന് പറയുന്നു.
തന്റെ ക്രിയാത്മക-രചനാ സഹായിയായ ഗ്രീഷ്മ രാമചന്ദ്രനോടൊപ്പം രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു രസകരമായ പരീക്ഷണ ഫാന്റസിക്ക് തന്റെ കംപ്യൂട്ടറിനുള്ളില്‍ മിഥുന് ജീവന് നല്‍കിയത്. അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും എല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന് തന്നെ. ഡി. മുരളിയാണ് പ്രൊഡ്യൂസര്‍.
മര്‍ച്ചന്റ് നേവിയില്‍ ജോലിചെയ്തിരുന്ന മിഥുന് ചെറുപ്പകാലം മുതല്ക്കേ സിനിമയുടെ പരീക്ഷണസമീപനങ്ങളെ പ്രാക്ടീസ് ചെയ്തു പോന്നിരുന്നു. ജോലി ഉപേക്ഷിച്ച ശേഷം, 2015-ല്‍ ‘ഗ്രഹണം’ എന്ന ചിത്രവും, 2017-ല്‍ ‘ഹ്യൂമാനിയ’ എന്ന ചിത്രവും വളരെ പരിമിതമായ സാഹചര്യത്തില്‍ ഷൂട്ട് ചെയ്തു പൂര്‍ത്തിയാക്കി തന്റേതായ ശൈലിയില്‍ പോസ്റ്പ്രൊഡക്ഷനിലൂടെ വികസിപ്പിച്ചെടുത്ത ചരിത്രവും മിഥുനുണ്ട്. അവയെല്ലാം തന്നെ പ്രധാന ഫെസ്ടിവലുകളില്‍ റിലീസ് ചെയ്യാതെ വിരലിലെണ്ണാവുന്ന പ്രാദേശിക ഷോകളില്‍ മാത്രം ഒതുങ്ങി. ‘ഡിജിറ്റലി ചിന്തിക്കുന്ന സിനിമകള്‍’ എന്ന തലക്കെട്ടോടെ പ്രസിദ്ധ നിരൂപകന് ശ്രീ. സി എസ് വെങ്കിടേശ്വരന് ഈ ചിത്രങ്ങളെ ഒരിക്കല്‍ പരിചയപ്പെടുത്തിയിരുന്നു.
നവാഗത സംവിധായകനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ കൃഷ്ണേന്ദു കലേഷാണ് മിഥുന്റെ ഈ സുപ്രധാന ചിത്രത്തെ റോട്ടര്‍ഡാമില്‍ അവതരിപ്പിക്കുന്നത്. 2022-ല്‍ ഇറങ്ങിയ കൃഷ്ണേന്ദുവിന്റെ ‘പ്രാപ്പെട’ എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറും റോട്ടര്‍ഡാമില്‍ ആയിരുന്നു. ‘പ്രാപ്പെട’യുടെ പോസ്റ്പ്രൊഡക്ഷനില്‍ മിഥുന് മുരളി പങ്കാളിയായിരുന്നു. അടുത്ത വര്‍ഷം ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് നെതെര്ലാന്ഡ്സിലെ റോട്ടര്‍ഡാം നഗരത്തില്‍ 53-മത് IFFR ഫെസ്റ്റിവല്‍ നടക്കുന്നത്.