നടന് ഉണ്ണിമുകുന്ദനെതിരായ പീഡന പരാതിയിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണിമുകുന്ദന് നല്കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.
പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് കേരള ഹൈക്കോടതി മെയ് 23ന് ഉത്തരവിട്ടിരുന്നു. കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്കിയ ഹര്‍ജി ഹൈക്കോടതി അന്ന് തള്ളുകയും ചെയ്തിരുന്നു. കേസ് ഒത്ത് തീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണിമുകുന്ദന്റെ അഭിഭാഷകന് സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു.
2017ല്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഉണ്ണിമുകുന്ദന്റെ ഫ്ളാറ്റില്‍ എത്തിയപ്പോള്‍ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ മോശമായി പെരുമാറി എന്നുമായിരുന്നു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി.
കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയായിരുന്നു കേസ് റദ്ദാക്കാന്‍ ഉണ്ണിമുകുന്ദന് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് യുവതി അറിയിച്ചിട്ടുണ്ടെന്ന് നടന്റെ അഭിഭാഷകന് സൈബി ജോസ് അറിയിച്ചിതിനെ തുടര്‍ന്ന് ഹൈക്കോടതി 2021 മേയ് 7ന് വിചാരണ നടപടികള്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 2022 ഓഗസ്റ്റ് 22ന് കേസ് ഒത്തു തീര്‍പ്പായെന്ന് നടന്റെ അഭിഭാഷകന് അറിയിച്ചു. തുടര്‍ നടപടി കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി അന്ന് സ്റ്റേ നീട്ടുകയും ചെയ്തു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേസ് വീണ്ടും വന്നപ്പോഴാണ് താന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിക്കുന്നത്.