ദുൽഖർ സൽമാൻ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. ചിത്രം ആഗസ്റ്റിൽ തീയേറ്ററിലെത്തും എന്നാണ് ടീസറിൽ പറയുന്നത്.
ദുൽഖറിൻ്റെ സ്വന്തം നിർമ്മാണ കമ്പനിയായ വെയ്ഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് കിംഗ് ഓഫ് കൊത്ത നിർമ്മിച്ചിരിക്കുന്നത്. സറാപ്പട്ടെ പരമ്പരൈ എന്ന പാ രഞ്ജിത്ത് ചിത്രത്തിലെ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷബീർ കല്ലറയ്ക്കൽ കിംഗ് ഓഫ് കൊത്തയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, പ്രസന്ന, നൈലാ ഉഷ, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, സരൻ, അനിഖ സുരേന്ദ്രൻ, സുധി കോപ്പ, രാജേഷ് ശർമ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹകൻ. ജേക്ക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാനും ജേക്ക്സും ഒരുക്കിയ ഗാനങ്ങൾ ചിത്രത്തിലുണ്ട്. ഓണം റിലീസായി ഓഗസ്റ്റ് മൂന്നാം വാരത്തോടെ കിംഗ് ഓഫ് കൊത്ത തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഡബ് ചെയ്തും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.