അഖിൽ പി ധർമ്മജൻ രചിച്ച സിനിമാറ്റിക് നോവൽ റാം കെയർ ഓഫ് ആനന്ദി മുപ്പത് പതിപ്പുകൾ പിന്നിട്ടു. സമൂഹമാധ്യമങ്ങളിലൂടെ എഴുത്തുകാരൻ തന്നെയാണ് പുസ്തകം 31-ാം പതിപ്പിലേക്ക് എത്തിയ വിവരം പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിലും പുറത്തും വലിയ ആരവം സൃഷ്ടിച്ചു കൊണ്ടാണ് പുസ്തകം പുതിയ പതിപ്പിലേക്ക് എത്തുന്നത്.
ഉള്ളടക്കത്തിലെ വിവാദങ്ങൾ കൊണ്ട് ചില പുസ്തകങ്ങൾ വാർത്തകളിടം പിടിക്കുന്നത് ഒഴിച്ചു നിർത്തിയാൽ സമീപകാലത്ത് മറ്റൊരു മലയാളം പുസ്തകത്തിനും കിട്ടാത്ത സ്വീകാര്യതയും ചർച്ചയുമാണ് വായനക്കാർക്കിടയിൽ റാം കെയർ ഓഫ് ആനന്ദി സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ആമസോൺ ഇന്ത്യയിലെ ബെസ്റ്റ് സെല്ലർ പുസ്തകമാണ് റാം കെയർ ഓഫ് ആനന്ദി.
2020-ൽ പുറത്തിറങ്ങിയ പുസ്തകം തുടക്കം മുതൽ തന്നെ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. പതിയെ പതിയെ മൗത്ത് പബ്ലിസിറ്റിയിലൂടെ പുസ്തകം കൂടുതൽ പേരിലേക്ക് എത്തുകയും കൂടുതൽ പതിപ്പുകൾ പുറത്തിറങ്ങുകയും ചെയ്തു. കഴിഞ്ഞ ചില മാസങ്ങളിൽ യുവാക്കൾക്ക് ഇടയിൽ വലിയ ഓളമാണ് പുസ്തകം സൃഷ്ടിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് റാം കെയർ ഓഫ് ആനന്ദിയുടെ പുതിയ പതിപ്പുകൾ ഇപ്പോൾ ഡിസി ബുക്ക്സ് പുറത്തിറക്കുന്നത്.
മാർച്ച് ഒന്നിന് വിൽപനയ്ക്ക് എത്തിയ പുസ്തകത്തിൻ്റെ 24ാം എഡിഷനിൽ ഇരുപത്തിനായിരം കോപ്പികളായിരുന്നു അച്ചടിച്ചത്. ഇതെല്ലാം ദിവസങ്ങൾക്കകം വിറ്റു പോയതോടെ കൂടുതൽ പതിപ്പുകൾ ഇറക്കി. എന്നിട്ടും മാർച്ച് 21-നുള്ളിൽ മുപ്പത്തിയൊന്നാം പതിപ്പ് ഇറങ്ങുന്ന തരത്തിൽ പുസ്തകത്തിൻ്റെ അത്ഭുതപ്പെടുത്തുന്ന വിൽപ്പന തുടരുകയാണ്. സമീപകാലത്ത് സാധാരണക്കാർക്കിടയിൽ ഇത്രയും പ്രചാരം നേടിയ മറ്റൊരു പുസ്തകമില്ല. അതിനാൽ തന്നെ പരസ്യവിപണിയിലും പുതിയ ട്രെൻഡായി റാം കെയർ ഓഫ് ആനന്ദി മാറിക്കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ആനി രാജയ്ക്ക് വേണ്ടി റാം കെയർ ഓഫ് ആനന്ദിയുടെ പുസ്തക കവർ മാതൃകയാക്കി പോസ്റ്ററുകൾ ഇറങ്ങിയിരുന്നു. മിൽമയും അമൂലും റാം കെയർ ഓഫ് ആനന്ദി തീമിൽ പരസ്യങ്ങളിറക്കി. കഴിഞ്ഞ ദിവസം ദേശാഭിമാനിയിലെ ഫീച്ചർ സ്റ്റോറിയിലും ആനവണ്ടികളെ പുസ്തകത്തിൻ്റെ കവർ പേജുമായി ചേർത്തിറക്കിയിരുന്നു.
വിൽപനയിൽ റെക്കോർഡുകൾ തകർത്ത ഈ പുസ്തകം വൈകാതെ ബിഗ് സ്ക്രീനിലും വായനക്കാർക്ക് കാണാൻ സാധിക്കും. പ്രവാസി വ്യവസായിയും നിർമ്മാതാവുമായ വിഘ്നേഷ് വിജയകുമാർ റാം കെയർ ഓഫ് ആനന്ദി സിനിമയാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിഘ്നേഷ് വിജയകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വെൽത്ത് ഐ സിനിമാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുഷാ പിള്ളയാണ്. ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. വായനക്കാരുടെ ഹൃദയത്തിലിടം പിടിച്ച റാമും ആനന്ദിയുമായി സ്ക്രീനിലെത്തുക ഏതൊക്കെ താരങ്ങളാണെന്ന് വൈകാതെ അറിയാനായേക്കും.
അഖിൽ പി ധർമ്മജൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –
“റാം c/o ആനന്ദി” മുപ്പത് പതിപ്പുകൾ താണ്ടിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു..!❤️
എഴുത്തുകാർ ഉൾപ്പെടെയുള്ള കുറച്ചുപേർ കൂട്ടംകൂടി എന്നെയും പുസ്തകത്തെയും പല ഇടത്തായി ആക്രമിക്കുന്നത് കാണുന്നുണ്ട്. എഴുത്ത് മോശമാണെങ്കിൽ അത്തരത്തിൽ വിമർശിച്ചാൽ മുന്നോട്ടുള്ള രചനകളിൽ എനിക്ക് ഗുണം ചെയ്തേക്കും.
പക്ഷേ ഈ പുസ്തകം വായിക്കുന്ന ആളുകളെ മുഴുവൻ ചീത്ത പറഞ്ഞും തെറി വിളിച്ചുമൊക്കെ അടച്ചാക്ഷേപിച്ചുകൊണ്ടാണ് പലരും വിമർശിക്കുന്നത്.
എന്നിരുന്നാലും ആരോടും പരാതിയില്ല… പരിഭവം ഇല്ല…
നമ്മുടെ ഒക്കെ ആയുസ്സ് എന്തോരം കാണും..? അതിനിടയിൽ എന്നെയും എന്റെ പുസ്തകങ്ങളെയും ദ്രോഹിക്കുമ്പോഴാണ് പലർക്കും സമാധാനം കിട്ടുന്നതെങ്കിൽ അവർ അങ്ങനെ സന്തോഷം കണ്ടെത്തിക്കോട്ടേ എന്ന് കരുതുന്നു…🥰
അതൊക്കെ കൊണ്ടാണ് പലരും ഇതെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒന്നിനും പ്രതികരിക്കാതെ മറ്റൊരു വഴിയിലൂടെ ഞാൻ നടന്ന് മാറുന്നത്. അതിപ്പോ നിങ്ങൾ ദ്രോഹം ചെയ്യുന്നതിന്റെ അങ്ങേയറ്റം ചെയ്താലും ഞാൻ മാറി പോകുകയേ ഉള്ളൂ…
പുസ്തകം വിജയമാക്കിയ ഏവരോടും ആത്മാർത്ഥമായ നന്ദിയും സ്നേഹവും അറിയിക്കുന്നു…❤️
അതോടൊപ്പം ഒരു മാസത്തോളമായി ആമസോൺ ഇന്ത്യയിൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതുതന്നെ നമ്മുടെ പുസ്തകം തുടരുന്ന സന്തോഷവും പങ്കിടുന്നു…😍
Thank you and love you all…🥰🙏🏼
View this post on Instagram