ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ഫൈനെസ്റ്റ് സർപ്രൈസ് പ്രമോഷൻ നറുക്കെടുപ്പിൽ മലയാളി പ്രവാസിക്ക് എട്ട് കോടി രൂപയുടെ സമ്മാനം ലഭിച്ചു. കണ്ണൂർ സ്വദേശിയായ മണി ബാലരാജ എന്ന 36-കാരനാണ് നറുക്കെടുപ്പിലൂടെ ബംപർ അടിച്ചത്. മണി ബാലരാജയ്ക്കൊപ്പം ഒരു ജർമ്മൻ പൗരനും ഇതേ സമ്മാനം ലഭിച്ചിട്ടുണ്ട്. 12 വർഷമായി അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് മണി ബാലരാജ.
കഴിഞ്ഞ മാസം 23-ന് മണി ബാലരാജ ഓൺലൈനിലൂടെ വാങ്ങിയ 428 സീരിസിലെ 0405 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാല് സുഹൃത്തുകൾക്കൊപ്പം ചേർന്നാണ് മണി ബാലരാജ ടിക്കറ്റെടുത്തത്. കഴിഞ്ഞ രണ്ട് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ ടിക്കറ്റെടുക്കാറുണ്ടെന്ന് മണി ബാലരാജ പറയുന്നു.
1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൺ യുഎസ് ഡോളർ നേടുന്ന 211-ാമത്തെ ഇന്ത്യക്കാരനാണ് മണി ബാലരാജ്. മില്യണയർ പ്രമോഷണിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നത് ഇന്ത്യക്കാരാണെന്നാണ് കണക്ക്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്ലോഫ്ലിൻ, സിഒഒ രമേഷ് സിദാംബി, മോണ അൽ അലി തുടങ്ങിയവർ ചേർന്ന് നറുക്കെടുപ്പ് നടത്തിയത്. ജർഗൻ അലോയിസ് മഷൗവർ ആണ് 10 ലക്ഷം ഡോളർ നേടിയ ജർമൻ പൗരൻ.