കൊല്ലം: മൈനാഗപ്പളളി അപകടത്തിൽ പ്രതികളായ അജമലിനെതിരെയും ഡോ.ശ്രീക്കുട്ടിക്ക് എതിരെയും മനപ്പൂർവ്വമുളള നരഹത്യക്ക് പൊലീസ് കേസെടുത്തു. കാറിടിച്ചതിന്റെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ കുഞ്ഞുമോൾ ബോണറ്റിലും തുടർന്ന് കാറിനു മുന്നിലും വീണു. കാറെടുത്താൽ കുഞ്ഞുമോളുടെ ദേഹത്ത് കയറുമെന്ന നിലയിലാണ് റോഡിൽ വീണ് കിടന്നത് , കാർ മുന്നോട്ട് എടുക്കരുതെന്ന് സമീപം ഉണ്ടായിരുന്നവർ പറഞ്ഞെങ്കിലും കാർ മുന്നോട്ടെടുക്കുകയായിരുന്നെന്ന് അവിടെ ഉണ്ടായിരുന്ന പണവിളയിൽ സബിർഷായും ആനൂർക്കാവ് സ്വദേശി നൗഷാദും പറഞ്ഞു.
കേസിൽ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. അതിനിടെ, അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു എന്ന് പരിശോധനാഫലം പുറത്തുവന്നിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്നും മദ്യപാനം കഴിഞ്ഞ് വരുന്ന സമയത്താണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.