പുരുഷന്മാർ മാത്രം ജോലി ചെയ്തിരുന്ന മേഖലയിലേക്ക് ഒരു വനിത കൂടി. സംസ്ഥാനത്താദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന നേട്ടം ഇനി ചേർത്തല പെരുമ്പളം സ്വദേശിനി സന്ധ്യയ്ക്ക് സ്വന്തം. ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള സർട്ടിഫിക്കറ്റാണു എസ്. സന്ധ്യ (44) നേടിയത്. കേരള ഇൻലാൻഡ് വെസൽ (കെ. ഐ. വി. ) റൂൾ – 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയാണ് പാസായത്.
ബാർജ്, മത്സ്യബന്ധന വെസൽ തുടങ്ങിയ ജലവാഹനങ്ങളിൽ ജോലി ചെയ്യുന്നതിന് കെ. ഐ. വി. സ്രാങ്ക് ലൈസൻസാണ് വേണ്ടത്. ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തു പരീക്ഷയിലും ജയിച്ചതോടെയാണ് സന്ധ്യയ്ക്ക് സ്രാങ്ക് ലൈസൻസ് ലഭിച്ചത്. ലാസ്കർ ലൈസൻസ് കിട്ടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്തിട്ടേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. സ്റ്റിയറിങ് തിരിക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പെടെ മുഴുവൻ നിയന്ത്രണവും സ്രാങ്കിൻ്റെ ചുമതലയാണ്. തേവര, നെട്ടൂർ, ആലപ്പുഴ തൈക്കാട്ടുശ്ശേരി ഭാഗങ്ങളിൽ പുരവഞ്ചിയുൾപ്പെടെ ഓടിച്ചിട്ടുള്ളയാളാണ് സന്ധ്യ.
വിഴിഞ്ഞം, തിരുവനന്തപുരം, കൊല്ലം, കൊടുങ്ങല്ലൂർ, ആലപ്പുഴ പോർട്ടുകളിൽ ഈ പരീക്ഷ നടത്താറുണ്ട്. ആലപ്പുഴ പോർട്ട് ഓഫീസിൽ നിന്നാണു സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. 226 എച്ച് പി വരെയുളള ജലയാനങ്ങൾ ഇനി സന്ധ്യയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയും. ബോട്ട് മാസ്റ്റർ, ലാസ്കർ തുടങ്ങിയ പരീക്ഷകൾക്ക് മുൻപത്തെക്കാൾ കൂടുതൽ വനിതകൾ ഇപ്പോൾ എത്തുന്നുണ്ട്. ആര് ജോലിയ്ക്ക് വിളിച്ചാലും തൻ്റെ സേവനം ഉറപ്പാക്കും എന്ന് സന്ധ്യ പറയുന്നു. സന്ധ്യയുടെ ഭർത്താവ് മണി അങ്കമാലി ഫുഡ് കോർപ്പറേഷൻ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളിയാണ്.