കേരളത്തിന്റെ തപാലാപ്പീസ് ചരിത്രം പേറിയ പോസ്റ്റ് വുമൺ ഓർമ്മയായി. കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ മുഹമ്മ സ്വദേശി ആനന്ദവല്ലിയമ്മ (90) അന്തരിച്ചു. ആറു പതിറ്റാണ്ടുകൾക്ക് മുൻപ് ആലപ്പുഴ നഗരത്തിൽ റാലി സൈക്കിളിൽ കത്തുകളുമായി അവർ യാത്ര ചെയ്തു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായ റാലി സൈക്കിൾ നിധി പോലെയാണ് മരണം വരെ ആനന്ദവല്ലിയമ്മ കാത്തുസൂക്ഷിച്ചത്.
ആലപ്പുഴയിലെ തത്തംപള്ളി കുന്നേപ്പറമ്പിൽ ആയുർവേദ വൈദ്യകലാനിധി കെ.ആർ രാഘവൻ വൈദ്യരുടെ മൂത്ത മകൾ. ആലപ്പുഴ എസ് ഡി വി ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷനും എസ് ഡി കോളേജിൽ നിന്ന് ബിരുദവും ആനന്ദവല്ലിയമ്മ പൂർത്തിയാക്കി. എന്നാൽ തപാൽ ജോലിയിൽ താല്പര്യം ഉണ്ടായിരുന്ന ആനന്ദവല്ലിയമ്മ അച്ഛനോട് കാര്യം പറഞ്ഞു. അനുവാദം കിട്ടിയപ്പോൾ സമീപത്തുള്ള തപാൽ ഓഫീസിൽ താൽക്കാലിക ജീവനക്കാരിയുമായി.
പിന്നീട് തപാൽ വിതരണ പരീക്ഷ പാസായി. ശേഷം ഉരുപ്പടികൾ എത്തിക്കുന്ന ജോലിയിലേക്ക് പ്രവേശിച്ചു. ജോലി ഭാരം കൂടിയതോടെ അച്ഛൻ വാങ്ങിക്കൊടുത്തതാണ് റാലി സൈക്കിൾ. കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ച് തപാൽ വിതരണം ചെയ്തിരുന്ന ആനന്ദവല്ലിയമ്മയെ പരിചയമില്ലാത്ത ആരും തന്നെയില്ല. 97 രൂപ 50 പൈസയുമായിരുന്നു ആനന്ദവല്ലിയമ്മയുടെ ആദ്യ ശമ്പളം.
ജോലിക്കിടയിലാണ് വിവാഹവും നടന്നത്. മുഹമ്മ തോട്ടുമുഖപ്പിലെ സംസ്കൃതം അദ്ധ്യാപകൻ വി കെ രാജനുമായി വിവാഹം. പിന്നീട് ആലപ്പുഴയിലെ തന്നെ നിരവധി പോസ്റ്റ് ഓഫീസുകളിൽ ക്ലാർക്ക് ആയും പോസ്റ്റ് മിസ്ട്രസായും സേവനമനുഷ്ഠിച്ചു. 1991 ൽ മുഹമ്മ പോസ്റ്റ്ഓഫീസിൽ നിന്ന് തന്റെ തപാൽ ജീവിതത്തിൽ നിന്നും ആനന്ദവല്ലിയമ്മ വിരമിച്ചു. കേരള തപാൽ ചരിത്രത്തിൽ വലിയൊരു ഏടും ആനന്ദവല്ലിയമ്മയുടെ സേവനത്താൽ ഓർമ്മിക്കപ്പെടും.