പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് ശനിയാഴ്ച പ്രകാശനം ചെയ്തു. ഷാര്‍ജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമിയില്‍ നിന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി.
മാതൃഭൂമി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്. ലോകരാജ്യങ്ങളുടെ വിനോദസഞ്ചാര മേഖലകളില്‍ കേരളം മുന്നിട്ട് നില്‍ക്കുന്നുവെന്ന് ഷെയ്ഖ് അബ്ദുള്‍ അസീസ് പറഞ്ഞു. കേരള ടൂറിസം സാധ്യതകളെക്കുറിച്ച് പഠിക്കുകയും അത് ഗുണകരമാകുന്ന വിധത്തില്‍ നടപ്പാക്കുന്നതിനും ജനങ്ങളിലെത്തിക്കുന്നതിനും പുസ്തകത്തിലൂടെ സാധിക്കുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
ടൂറിസം മന്ത്രിയെന്ന നിലയില്‍ രണ്ടര വര്‍ഷംകൊണ്ട് മനസിലാക്കിയ കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി റിയാസ് പറഞ്ഞു. നമ്മള് എവിടെയുമെത്തിയിട്ടില്ലെന്നും ഇനിയും കുറേദൂരം പോകാനുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.