ദില്ലി: വന്ദേഭാരത് ട്രെയിനോടാത്ത ഒരേയൊരു ദക്ഷിണേന്ത്യൻ സംസ്ഥാനം എന്ന കേരളത്തിൻ്റെ നിരാശ തീരാൻ വഴിയൊരുങ്ങുന്നു. സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനിടെയുണ്ടാവും എന്നാണ് സൂചന. ദക്ഷിണറെയിൽവേക്ക് അനുവദിച്ച മൂന്ന് വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം ചെന്നൈ പെരുമ്പത്തൂരിലെ കോച്ച് ഫാക്ടറിയിൽ അവസാന ഘട്ടത്തിലാണെന്നും ഇതിലൊന്ന് കേരളത്തിലേക്ക് അനുവദിച്ചേക്കുമെന്നാണ് സൂചന.
ജൂൺ മാസത്തോടെ വന്ദേഭാരത് ട്രെയിൻ സർവ്വീസ് കേരളത്തിൽ ആരംഭിക്കാനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത. വന്ദേഭാരത് ട്രെയിനോടിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം കൊച്ചുവേളിയിലും മംഗളൂരുവിലും പിറ്റ്ലൈൻ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ഡിവിഷനിൽ പലയിടത്തും പാളങ്ങളുടെ അറ്റകുറ്റപ്പണിയും നടക്കുന്നുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കകം ഈ ജോലികൾ പൂർത്തിയാക്കും എന്നാണ് സൂചന.
നിലവിൽ ജനശതാബ്ദി സർവ്വീസുള്ള കണ്ണൂർ – തിരുവനന്തപുരം റൂട്ടിൽ തന്നെ വന്ദേഭാരത് ട്രെയിനോടും എന്നാണ് സൂചന. കണ്ണൂരിൽ നിന്നും ഷൊർണ്ണൂർ വരെ 110 കിമീ വേഗതയിൽ നിലവിൽ ട്രെയിനുകൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ ഷൊർണ്ണൂർ – തൃശ്ശൂർ പാതയിൽ വേഗത ഇത്രയില്ല. എറണാകുളം – ആലപ്പുഴ- കായകുളം, എറണാകുളം – കോട്ടയം – കായകുളം പാതയിലും വേഗപരിധി കുറവാണ്. കണ്ണൂർ – കോട്ടയം – തിരുവനന്തപുരം പാതയിലാവും കേരളത്തിനുള്ള വന്ദേഭാരത് ട്രെയിനോടുക എന്നാണ് സൂചന. അങ്ങനെയെങ്കിൽ ജനശതാബ്ദിയടക്കമുള്ള മറ്റു ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരും.
ഐടി നഗരങ്ങളായി ബെംഗളൂരുവിനേയും ഹൈദരാബാദിനേയും ബന്ധിപ്പിച്ചു കൊണ്ട് കച്ചേഗുഢ – ബെംഗളൂരു ട്രെയിൻ സർവ്വീസ് വന്നേക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെലങ്കാനയിലും കർണാടകയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇരുസംസ്ഥാനങ്ങൾക്കും രണ്ടാമത്തെ വന്ദേഭാരത് ട്രെയിനുകൾ ലഭിക്കാൻ വഴിയൊരുങ്ങുന്നത്. ഇതുകൂടാതെ കണ്ണൂർ – തിരുവനന്തപുരം, റാഞ്ചി – പാറ്റ്ന, ബെംഗളൂരു – ഹൂബ്ബള്ളി – ധർവാർഡ് വന്ദേഭാരത് ട്രെയിനുകളും വൈകാതെ സർവ്വീസ് തുടങ്ങുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ പതിനഞ്ച് വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. വരുന്ന ഡിസംബറിനകം 75 വന്ദേഭാരത് സർവ്വീസുകൾ ആരംഭിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇതിൽ രണ്ട് ട്രെയിനുകളെങ്കിലും കേരളത്തിന് കിട്ടുമെന്നാണ് കരുതുന്നത്. പകൽ സർവ്വീസുകളായി അത്യാധുനിക ചെയർ കാർ കോച്ചുകളോടെയാണ് വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത്. നിലവിലെ ട്രെയിനുകളേക്കാൾ 25 ശതമാനം മുതൽ 45 ശതമാനം വരെ യാത്രാസമയത്തിൽ കുറവ് വരുത്താൻ വന്ദേഭാരത് ട്രെയിനുകൾക്ക് സാധിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ രാത്രി യാത്രകൾക്ക് അനുയോജ്യമായ സ്ലീപ്പർ കോച്ചുകളോട് കൂടിയ വന്ദേഭാരത് ട്രെയിനുകളും പിന്നാലെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള വന്ദേമെട്രോ ട്രെയിനുകളും പുറത്തിറക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.