തിരുവനന്തപുരം: സംസ്ഥാനത്ത് അസഹനീയമായ ചൂട് തുടരുന്നു. വരും ദിവസങ്ങളിൽ താപനില ഉയർന്നേക്കാം എന്ന മുന്നറിയിപ്പിൽ വലഞ്ഞിരിക്കുകയാണ് ജനം. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് ജാഗ്രതാ പാലിക്കാനുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തിയ താപനില
പാലക്കാട് ജില്ലയിൽ 45 ഡിഗ്രി വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. പാലക്കാട്ട് ഇനിയും ചൂട് കൂടുമെന്ന് മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. കൊടുംചൂടിനൊപ്പം സംസ്ഥാനത്തെ വൈദ്യുത ഉപഭോഗം കുത്തനെ ഉയരുന്നത് കെഎസ്ഇബിക്കും സർക്കാരിനും തലവേദനയായിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത് 11.17 കോടി യൂണിറ്റായിരുന്നു. രാത്രിയും പകലും ഒരേനിലയിൽ ചൂട് തുടരുന്നതും വെല്ലുവിളിയാവുന്നു.
41 ഡിഗ്രിവരെ താപനില ഉയർന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പെങ്കിലും ചിലയിടങ്ങളിൽ 45 ഡിഗ്രിവരെ രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കണ്ണൂർ, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസർകോട്,എറണാകുളം,ആലപ്പുഴ, ജില്ലകളിൽ 37 വരെയും തിരുവനന്തപുരം , മലപ്പുറം, ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത.