തിരുവനന്തപുരം: ഇന്ന് മുതൽ വിഷുദിനമായ ഏപ്രിൽ 14 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുവരെ കാര്യമായി മഴ കിട്ടാത്ത വടക്കൻ കേരളത്തിലടക്കം വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ മേഖലയിൽ വേനൽമഴയെത്തും എന്നാണ് നിലവിലെ സൂചന.
അതേസമയം തുടർച്ചയായി ഏഴു ദിവസത്തിന് ശേഷം പാലക്കാട് ജില്ലയിൽ ഉയർന്ന താപനില ഔദ്യോഗികമായി 40°c താഴെ രേഖപെടുത്തി. പാലക്കാട് ( 39.8°c ) വെള്ളാനിക്കര ( 39.6) എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില.
അതേസമയം ജൂണ്‍ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നല്ല മഴ കിട്ടുമെന്ന് സ്വകാര്യകാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ജൂണിൽ കേരളം, കർണാടക, ഗോവ എന്നിവിടങ്ങളിൽ സാധാരണയിൽ അധികം മഴ പെയ്യും. അതേസമയം ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മഴ കുറയും.