കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റപത്രത്തിൽ പറയുന്ന കുറ്റങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്നും വിചാരണയ്ക്ക് വിടാനുള്ള യാതൊരു തെളിവും അന്വേഷണസംഘത്തിന് കണ്ടെത്താനിയിട്ടില്ലെന്നും കോടതി വിധിയിൽ നിരീക്ഷിക്കുന്നു.
പോക്സോ, ജുവനൈൽ ജസ്റ്റീസ് കുറ്റങ്ങൾക്കുപുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാർക്കെതിരെ ചുമത്തിയിരുന്നത്. ഏക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻ്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളയിടക്കം ആറ് പേരെയാണ് കുറ്റവിമുക്തരാക്കിയത്.
ലഹരി വ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര സദുദ്ദേശത്തോടെയാണെന്നും റിപ്പോർട്ടുകൾ സാമൂഹ്യ നന്മ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി . ജസ്റ്റിസ് എ ബദ്റുദ്ദീൻ ആണ് വിധി പറഞ്ഞത്.