തിരുവനന്തപുരം: കേരളത്തിലോടുന്ന പ്രീമിയം ട്രെയിനുകളിൽ ഒന്നായ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ് അത്യാധുനിക എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറി. ഒന്നര പതിറ്റാണ്ടിലധികം പഴക്കമുള്ള കോച്ചുകളുമായി ഓടുന്ന കണ്ണൂർ ജനശതാബ്ദിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് പലപ്പോഴും യാത്രക്കാർ പരാതികൾ ഉന്നയിച്ചിരുന്നു. വർഷങ്ങൾ നീണ്ട പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് തിരക്കേറിയ പകൽ വണ്ടിയായ കണ്ണൂർ ജനശതാബ്ദിയുടെ കോച്ചുകൾ മാറ്റിയത്.
പുലർച്ചെ കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി 2.50-ന് തിരികെ കണ്ണൂരിലേക്ക് പുറപ്പെട്ട് രാത്രി 12.20ഓടെ തിരിച്ചെത്തുന്ന തരത്തിലാണ് ജനശതാബ്ദിയുടെ സമയക്രമം. ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് വന്ന ജനശതാബ്ദിയിൽ പഴയ കോച്ചുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്രയിൽ പുതിയ കോച്ചുകൾ ആണ് സർവ്വീസ് നടത്തിയത്.
കണ്ണൂർ ജനശതാബ്ദി കൂടാതെ എറണാകുളം – ബെംഗളൂരു ഇൻ്റർസിറ്റി ട്രെയിനിനും ഉടനെ തന്നെ എൽഎച്ച്ബി കോച്ചുകൾ ലഭിക്കും. കേരളത്തിലെ തിരക്കേറിയ രാത്രി ട്രെയിനായ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ട്രെയിനും ആധുനിക എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറ്റാനായി ഉത്തരവിറക്കിയിട്ടുണ്ട്.
16347/48 തിരുവനന്തപുരം സെൻട്രൽ – മംഗളുരു സെൻട്രൽ എക്സ്പ്രസ്സും, 12619/20 മത്സ്യഗന്ധ എക്സ്പ്രസ്സും ഒരുമിച്ചാവും എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുക. റേക്ക് ഷെയറിംഗ് ഉള്ളതിനാലാണ് രണ്ട് ട്രെയിനുകളുടേയും കോച്ചുകൾ ഒരുമിച്ച് മാറ്റുന്നത്. ഇതിനുള്ള ഉത്തരവും ഇതിനോടകം വന്നിട്ടുണ്ട്.
1) 16347/48 തിരുവനന്തപുരം സെൻട്രൽ – മംഗളുരു സെൻട്രൽ ഫെബ്രുവരി 16 മുതൽ തിരുവനന്തപുരത്ത് നിന്നും ഫെബ്രുവരി 17 മുതൽ മംഗലാപുരത്ത് നിന്നും പുതിയ കോച്ചുകളിലാവും സർവ്വീസ് നടത്തുക. 12619/20 മംഗളൂരു സെൻട്രൽ – ലോക്മാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസ്സ് മംഗളുരുവിൽ നിന്ന് 17/02/2025 മുതലും ലോകമാന്യ തിലകിൽ നിന്ന് 18/02/2025 മുതലും പുതിയ കോച്ചുകളിലേക്ക് മാറും.
ദക്ഷിണ റെയിൽവേ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലേക്ക് പുതിയ റേക്കുകൾ അനുവദിക്കുന്ന മുറയ്ക്ക് തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, മാവേലി എക്സ്പ്രസ്സ് എന്നിവയുടെ കോച്ചുകളും വൈകാതെ മാറും എന്നാണ് സൂചന. അതേസമയം കോയമ്പത്തൂർ ഇൻ്റർസിറ്റി, പരശുറാം, വഞ്ചിനാട് എക്സ്പ്രസ്സ് അടക്കമുള്ള പകൽ തീവണ്ടികളിലും റേക്ക് മാറ്റം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കഴിഞ്ഞ ആഴ്ച സർവ്വീസ് ആരംഭിച്ച കൊല്ലം – എറണാകുളം മെമു പുതിയ റേക്ക് കിട്ടുന്ന മുറയ്ക്ക് പുനലൂരിലേക്ക് നീട്ടുമെന്ന് നേരത്തെ റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.