കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇ.ഡി ചോദ്യം ചെയ്യലിനിടെയാണ് ഭാസുരാംഗനെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടെയും വീടുകൡും അടക്കം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘം പരിശോധന നടത്തിയത്.
കണ്ടല ബാങ്കില്‍ റെയ്ഡ് തുടരുന്നുണ്ട്. റെയ്ഡ് പൂര്‍ത്തിയായ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാസുരാംഗനെ ഇ.ഡി ചോദ്യം ചെയ്തത്. ഭാസുരാംഗന്റെ രണ്ട് ഫോണുകള്‍ ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സി.പി.ഐ നേതാവായ എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡന്റ്. ഈയിടെ ഭരണ സമിതി രാജിവെച്ചിരുന്നു. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്.
ഭാസുരാംഗന്റെ വീട്ടില്‍ നിന്നും ഏതാനും രേഖകള്‍ ഇ.ഡി കണ്ടെടുത്തതായാണ് സൂചന.