റിയാദ്: ക്രൂഡ് ഓയിൽ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മലയാളി പ്രവാസി മരിച്ചു. ഓയിൽ ടാങ്കിൻ്റെ ചോർച്ച അടയ്ക്കുന്നതിനായി വെൽഡ് ചെയ്യുന്നതിനിടെയാണ് ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശിയായ പാറക്കാട് ഫിലിപ്പ് ജോർജ്ജ് എന്ന ഇബ്രാഹിം ഫിലിപ്പ് മരണപ്പെട്ടത്. 55 വയസ്സായിരുന്നു.
റിയാദിന് അടുത്തുള്ള മുസാഹ്മ എന്ന പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. യമാമ കമ്പനിയുടെ ഗാരേജിൽ വെൽഡറായി ജോലി ചെയ്തു വരികയായിരുന്നു ഇബ്രാഹിം ഫിലിപ്പ്.
അരാംകോയിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടു വരിൽ ടാങ്കർ ചോർച്ചയെ തുടർന്ന് വ്യാഴാഴ്ച വർക്ക് ഷോപ്പിൽ കൊണ്ടു വന്നിരുന്നു. ടാങ്കർ വെൽഡ് ചെയ്ത് കട്ട് ചെയ്യുന്നതിനിടെ സ്ഫോടനമുണ്ടാവുകയും ഇദ്ദേഹം തെറിച്ചു പോകുകയുമായിരുന്നു. അതിശക്തമായ സ്ഫോടനത്തിൽ കെട്ടിട്ടത്തിന് മുകളിലേക്ക് തെറിച്ചു പോയ ഇബ്രാഹിം ഫിലിപ്പിൻ്റെ മൃതദേഹം പൊലീസെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം നിലവിൽ മുസാഹ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.