കൊച്ചി: എറണാകുളം തിരുരവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി അമ്മ.സഹപാഠികളുടെ ക്രൂര പീഡനത്തിനരയായ മിഹിർ മനംനൊന്താണ് ഫ്ലാറ്റിലെ 26 -ാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. അമ്മ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നൽകിയ പരാതിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ.സഹാപാഠികളുടെ സോഷ്യൽ മീഡിയ ചാറ്റടക്കം പുറത്ത് വിട്ടാണ് വെളിപ്പെടുത്തൽ.കുട്ടിയുടെ മരണത്തെ പോലും അധിക്ഷേപിക്കുന്ന ചാറ്റുകളാണ് സോഷ്യൽ മീഡിയ വഴി അമ്മ ഷെയർ ചെയ്തിരിക്കുന്നത്.പേര് കേട്ട വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രാകൃതമായ ഇത്തരം ചെയ്തികൾ അനുവദിക്കുന്നു എന്നതും അതുമൂലം ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു എന്നതും അത്യധികം ഗൗരവമുള്ള കാര്യങ്ങളായി സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.
അവൻ മരണപ്പെട്ട ശേഷവും അത് ആഘോഷിക്കുന്ന ക്രൂരതയിലേക്ക് ആ വിദ്യാർത്ഥിക്കൂട്ടം എത്തി എന്നത് നിസ്സാരമായ ഒന്നല്ല. മെസേജുകളിലൂടെ മരണം വരെ തിമർത്ത് ആഘോഷിച്ച ആ ക്രിമിനലുകളുകളുടെ മെസേജുകളിൽ നിന്ന് തന്നെ എത്രമാത്രം എന്റെ കുട്ടിയെ ജീവിച്ചിരിക്കുമ്പോൾ അവർ പ്രയാസപ്പെടുത്തിയിട്ടുണ്ടാകും എന്ന് വായിച്ചെടുക്കാൻ കഴിയും.’ മകനെ ഒരുകൂട്ടം വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തു. സ്കൂളിൽ വച്ചും സ്കൂൾ ബസിൽ വച്ചും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മകന്റെ സുഹൃത്തുക്കളിൽ നിന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്.
വാഷ്റൂമിൽ കൊണ്ടുപോയാണ് ക്രൂരമായി മർദിച്ചത്. മകന്റെ മുഖം ബലാത്കാരമായി ക്ലോസറ്റിൽ മുക്കിയ ശേഷം ഫ്ളഷ് അടിച്ചു. മകനെ ശാരീരികമായി ഉപദ്രവിക്കുകയും നിറത്തിന്റെ പേരിൽ പരിഹസിക്കുകയും ചെയ്തു.-പരാതിയിൽ പറയുന്നു.അതേസമയം, അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടുണ്ട്.