കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയില്‍ ഉള്ളവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഒക്ടോബര്‍ 29നാണ് കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്ന കണ്വെന്ഷന് സെന്ററില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം മാര്ട്ടിന് സ്വയം ഏറ്റെടുക്കുകയും താന്‍ മാത്രമാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മാര്ട്ടിന് പറഞ്ഞിരുന്നു.
കളമശ്ശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യപ്പെടില്ല.
അഭിഭാഷകന് വേണ്ടെന്ന് പ്രതി പറഞ്ഞതിനെ തുടര്‍ന്ന് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു.