സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായ നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് അജണ്ടയാണെന്നും കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല. തൃശ്ശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താന്‍ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങള്‍. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍ ഇനിയും വന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയെ ഫിലിം ഇന്‍സ്റ്റിറ്റിയൂഷന്റെ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ നടപടി സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ലെന്ന ആക്ഷേപം ഉണ്ടായിരുന്നു. ഇതിനിടെ സുരേഷ് ഗോപി അധ്യക്ഷനായി ചുമതലയേറ്റേക്കില്ലെന്നും അദ്ദേഹവുമായി നേരത്തെ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ വിവരം പങ്കുവെച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗണ്‍സില്‍ ചെയര്മാന് ചുമതലയും സുരേഷ് ഗോപിക്കാണ്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ ‘അതേ’ചാനല്‍. പിന്നെ കാക്കക്കൂട്ടം പോലെ എല്ലാവരും ചേര്‍ന്ന് ആക്രമണം. ഒരു വാര്‍ത്ത കൊടുക്കുന്നതിനുമുന്‍പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാര്‍ക്ക്. ഇത് കോണ്‍ഗ്രസ്സ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോണ്‍ഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുന്നത്. ‘അതേ’ചാനലിലെ കോണ്‍ഗ്രസ്സ് ഏജന്റായ റിപ്പോര്‍ട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താന്‍ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങള്‍. ഇനിയും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല.