തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ച് സിപിഎം. വടകരയിൽ മുൻമന്ത്രിയും എംഎൽഎയുമായ കെ.കെ ശൈലജ ടീച്ചർ മത്സരിക്കും. മുൻമന്ത്രി സി.എൻ രവീന്ദ്രനാഥാണ് ചാലക്കുടിയിലെ സ്ഥാനാർത്ഥി. ആലത്തൂരിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനെയാണ് സിപിഎം രംഗത്തിറക്കുന്നത്.
എറണാകുളത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎ നേതാവ് കെ.ജെ ഷൈൻ പീറ്ററിനെയാണ് തീരുമാനിച്ചിരിക്കുന്നത്. പറവൂർ നഗരസഭാ അംഗം കൂടിയാണ് അദ്ദേഹം. പാലക്കാട് എ.വിജയരാഘവനെ തന്നെ സ്ഥാനാർത്ഥിയാക്കും എന്നാണ് സൂചന. കൊല്ലത്ത് മുകേഷ് എംഎൽഎയാവും സിപിഎം സ്ഥാനർത്ഥി. ആറ്റിങ്ങലിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.ജോയി മത്സരിക്കാനിറങ്ങും.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ബി.വസീഫ് മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയാവും. നേരത്തെ കോഴിക്കോട് സീറ്റിലേക്കും വസീഫിനെ പരിഗണിച്ചിരുന്നു. കോഴിക്കോട് സീറ്റിൽ സിഐടിയു നേതാവ് എളമരം കരീം ജനവിധി തേടും. പൊന്നാനിയിൽ പൊതുസ്വതന്ത്ര്യനായി കെ.എസ് ഹംസയെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു കെ.എസ് ഹംസ. കണ്ണൂരിലും കാസർകോടും നിലവിലെ ജില്ലാ സെക്രട്ടറിമാരായ എംവി ജയരാജനും എംവി ബാലകൃഷ്ണനും മത്സരിക്കും.
പാർട്ടി വോട്ടുകൾക്കപ്പുറം വോട്ട് സമാഹരിച്ചാൽ മാത്രമേ വടകരയിൽ വിജയം സാധ്യമാവൂ എന്ന വിലയിരുത്തലിലാണ് കെകെ ശൈലജ ടീച്ചറെ വടകരയിൽ സ്ഥാനാർത്ഥിയായി ഇറക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. വടകരയിൽ മുൻകോഴിക്കോട് നോർത്ത് എംഎൽഎ എ .പ്രദീപ് കുമാറിനേയും പാർട്ടി പരിഗണിച്ചിരുന്നു.