മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിയെ ആണോ ആരോപണം ഉയര്‍ന്നപ്പോള്‍ ഏത് രേഖകള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴല്നാടന് ആണോ ആണത്തമുള്ളതെന്നും കെ സുധാകരന് ചോദിച്ചു.
മുഖ്യമന്ത്രിയുടെ രീതിയല്ല മാത്യു കുഴല്‍നാടന്റേത്. എത്ര അന്തസോടും തന്റേടത്തോടും കൂടിയാണ് അദ്ദേഹം സിപിഎമ്മുകാരെ വെല്ലുവിളിച്ചത് എന്നും സുധാകരന് ചോദിച്ചു.
അവരുടെ ഏത് നേതാക്കള്‍ക്കും വന്ന് രേഖ പരിശോധിക്കാമെന്ന് പറഞ്ഞ നേതാവാണ് മാത്യു കുഴല്നാടന്. അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ കേള്‍ക്കുന്നവര്‍ക്ക് അതിലെ സുതാര്യത തിരിച്ചറിയാം. പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണത്തില്‍ അതേ രീതിയില്‍ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ എന്തുകൊണ്ടാണ് സിപിഎം ആ ആരോപണം ഏറ്റെടുക്കാത്തത് എന്നും സുധാകരന് ചോദിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ട്. സിപിഎമ്മുകാരെ പോലെ വാങ്ങിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടി നടത്തിക്കൊണ്ട് പോകാന്‍ പണം വേണമെന്നും സുധാകരന് പറഞ്ഞു.
പിന്നില്‍ ഇഡിയുണ്ട്, വിജിലന്‍സ് ഉണ്ട് എന്നെല്ലാം പറഞ്ഞിട്ട് എന്തായി? പുകമറ സൃഷ്ടിക്കുക, ആളുകളെ ഇകഴ്ത്തിക്കാണിക്കുക തുടങ്ങഇ നാണം കെട്ട, നെറികെട്ട ശൈലിയാണ് സിപിഎം ചെയ്യുന്നത്. ധാര്മികതയില്ലാതെ അവര്‍ അധപതിച്ചതില്‍ വിഷമമുണ്ട്. മുഖ്യമന്ത്രിക്ക് പോലും ധാര്‍മികതയില്ല എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ അഴിമതി പണത്തിനു സി.പി.എം കാവലിരിക്കുകയാണ്. സി.പി.എമ്മിന്റെ അഴിമതി പണത്തിനു ബി.ജെ.പിയും കാവലിരിക്കുകയാണെന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. അതിന് വേണ്ടി സിപിഎമ്മിന് എല്ലാ വിധ പിന്തുണയും ബിജെപി രഹസ്യമായി ചെയ്യുന്നുണ്ട്. അപ്പോള്‍ കേരളത്തിലെങ്കിലും ഒരു ഭരണം ഒഴിവാക്കാന്‍ അവര്‍ സിപിഎമ്മിന് ആന്തരികമായി പിന്തുണ നല്കി അവരെ താങ്ങി നിര്‍ത്തുകയാണ് മോദി സര്‍ക്കാര്‍.
എന്തും പറയാനുള്ള നാണം കെട്ട ഒരു സംസ്കാരത്തിന്റെ പ്രതീകമായി സിപിഎം നേതാക്കന്മാര് മാറുകയാണ്. എന്ത് വൃത്തികേടും പറയാം എന്ന സാഹചര്യമാണുള്ളതെന്നും സുധാകരന് പറഞ്ഞു.