കാതലില്‍ മമ്മൂട്ടി ചെയ്ത മാത്യു ദേവസി എന്ന കഥാപാത്രത്തെ കുറിച്ച് നടി ജ്യോതിക. എങ്ങനെയാണ് കാതലിലെ കഥാപാത്രം തിരഞ്ഞെടുത്തതെന്ന് താന്‍ മമ്മൂട്ടിയോട് ചോദിച്ചിരുന്നു. അന്ന് മമ്മൂട്ടി പറഞ്ഞത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് നോക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ ഹീറോ ആണെന്ന് ജ്യോതിക പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലായിരുന്നു ജ്യോതിക ഇക്കാര്യം പറഞ്ഞത്.
ജ്യോതിക പറഞ്ഞത് :
കാതലിലെ ഓരോ നിമിഷവും പുതുമയുള്ളതും ഫ്രെഷും ആയിരുന്നു. പിന്നെ സ്വവര്‍ഗാനുരാഗത്തെ കുറിച്ച് വന്ന സിനിമകളില്‍ ഒരു സെക്ഷ്വല്‍ സീനുകളും കാണിക്കാതെ എടുത്ത ആദ്യ സിനിമയാണ് കാതല്‍ എന്ന് തോന്നുന്നു. അങ്ങനെയൊരു അവസ്ഥയില്‍ അതിലൂടെ കുടുംബം എങ്ങനെയാണ് കടന്ന് പോകുന്നത് എന്നാണ് പറഞ്ഞ് വെച്ചിരിക്കുന്നത്. എഴുത്ത് തന്നെയാണ് കാതലിന്റെ ഹീറോ.
മമ്മൂട്ടി സാറിനെ കുറിച്ച് എനിക്ക് പറയാതിരിക്കാന്‍ സാധിക്കില്ല. കാരണം ഞാന്‍ സൗത്തിലെ ഒരുപാട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് മമ്മൂട്ടിയാണ് യഥാര്‍ത്ഥ ഹീറോ. ആദ്യ ദിവസം ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു, എങ്ങനെയാണ് ഈ റോള്‍ ചെയ്യാന്‍ തിരഞ്ഞെടുത്തതെന്ന്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ആരാണ് ഒരു ഹീറോ എന്നാണ്. ഒരു ഹീറോ എന്ന് പറഞ്ഞാല്‍ ആളുകളെ ഇടിക്കുകയും ആക്ഷനും റൊമാന്സും ചെയ്യുന്നതല്ല. ഹീറോ എന്നാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് നോക്കുന്ന ആളാണ്. അതാണ് യഥാര്‍ത്ഥ ഹീറോ.