ഫെബ്രുവരിയിൽ തുടങ്ങിയ ബോക്സ് ഓഫീസ് കുതിപ്പ് മാർച്ചിലും തുടർന്ന് പ്രേമലു. അൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ബോക്സ് ഓഫീസിൽ 125 കോടി എന്ന നേട്ടവും സ്വന്തമാക്കി കഴിഞ്ഞു ഈ റൊമാൻ്റിക് കോമഡി ചിത്രം. പത്ത് കോടിയിൽ താഴെയാണ് ബജറ്റ് എന്നിരിക്കെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിലൊന്നായി ഇതു മാറി കഴിഞ്ഞു.
കേരളത്തെ പോലെ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ലഭിച്ചത്. ജിസിസിയിലും നോർത്ത് അമേരിക്കയിലും കോടിക്കണക്കിന് രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. ചിത്രത്തിൻ്റെ തെലുങ്ക് ഡബിംഗ് റൈറ്റ്സ് സ്വന്തമാക്കിയത് എസ്.എസ് രാജമൗലിയുടെ മകൻ കാർത്തികേയ്യയാണ്. 12 കോടി രൂപയാണ് ചിത്രം ആന്ധ്രാപ്രദേശ് – തെലങ്കാന ബെൽറ്റിൽ നിന്നും സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു പല ദിവസങ്ങളിലും പ്രേമലു തമിഴ് പതിപ്പിൻ്റെ കളക്ഷൻ.
ഫെബ്രുവരി ഒൻപതിന് റിലീസായ ചിത്രം ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളുടെ വിജയത്തിനിടയിലും തീയേറ്ററിൽ മികച്ച കളക്ഷനാണ് നേടിയത്. ആദ്യത്തെ രണ്ടാഴ്ചയോളം പ്രതിദിനം ഒരു കോടി കളക്ഷനാണ് ചിത്രം കേരളത്തിൽ നേടിയത്. വാരാന്ത്യത്തിൽ മൂന്നര കോടി മുതൽ നാലേകാൽ കോടി വരെ പ്രേമലു കളക്ഷൻ നേടുന്ന നിലയുണ്ടായിരുന്നു. മാർച്ച് 28-ന് പ്രദർശനത്തിന് എത്തുന്ന ആടുജീവിതത്തിന് വൈഡ് റിലീസുണ്ടാവും എന്നതിനാൽ അതോടെ പ്രേമലുവിൻ്റെ കുതിപ്പിനും അവസാനമാകാനാണ് സാധ്യത. മാർച്ച് അവസാനം പ്രേമലു ഹോട്ട് സ്റ്റാറിൽ പ്രദർശനത്തിന് എത്തും എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.